തൊടുപുഴ: പൊതുമരാമത്ത് റോഡ് വിഭാഗം തൊടുപുഴ സബ്ഡിവിഷനിൽ നിന്നും വിരമിച്ച ഡ്രാഫ്റ്റ്‌സ്മാൻ എ.എച്ച്.ഷംസുദ്ദീൻ, യാത്രയയപ്പ് വേളയിൽ തന്റെ ഓഫീസിലെ സഹപ്രവർത്തകർ ഉപഹാരമായി നൽകിയ സ്വർണ്ണ നാണയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി നൽകി. തൊടുപുഴ നഗരസഭ ഓഫീസിലെത്തി ചെയർമാൻ സനീഷ് ജോർജ്ജിനാണ് സ്വർണ്ണ നാണയം കൈമാറിയത്. കൊവിഡ് മഹാമാരി ദുരിതം വിതച്ച ഈ കാലഘട്ടത്തിൽ ഒട്ടേറെ ജനങ്ങളാണ് തൊഴിൽ നഷ്ടപ്പെട്ട് വരുമാനമില്ലാതെ കഷ്ടപ്പെടുന്നത്. ഷംസുദ്ദീനെപ്പോലുളള സുമനസ്സുകളുടെ പ്രവർത്തനം മാതൃകാപരമാണെന്ന് ചെയർമാൻ പറഞ്ഞു. ചടങ്ങിൽ വൈസ് ചെയർപേഴ്‌സൺ ജെസ്സി ജോണി, സർവ്വീസ് സംഘടനാ നേതാക്കളായ എസ്.സുനിൽ കുമാർ, കെ.കെ.പ്രസുഭകുമാർ, സി.എസ്.മഹേഷ്, സി.ബി. ഹരികൃഷ്ണൻ, വി.എസ്.എം. നസീർ, യൂണിറ്റ് സെക്രട്ടറി ബിനു കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.