തൊടുപുഴ: ജില്ലയിലെ ഭൂപ്രശ്‌നം നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തി പി.ജെ. ജോസഫ്. 1964ലെയും 1993ലെയും ഭൂപതിവു ചട്ട പ്രകാരം പതിച്ചു കൊടുത്ത ഭൂമിയിൽ വീടുവയ്ക്കുന്നതിനും കൃഷി ആവശ്യത്തിനും മാത്രമാണ് അവകാശമുള്ളത്. മറ്റ് 13 ജില്ലകളിലും ഈ നിയന്ത്രണമില്ല. ഈ ഉത്തരവിന് എതിരെ ബൈസൺവാലിയിലെ ഒരു കർഷകൻ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ജില്ലയിലെ പട്ടയഭൂമിക്ക് മാത്രമായി വിവേചനപരമായ നിയമം അനുവദനീയമല്ലെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. ഈ ഉത്തരവിന് എതിരെ ഡിവിഷൻ ബെഞ്ചിലും പിന്നീട് സുപ്രീംകോടതിയിലും സർക്കാർ അപ്പീൽ പോയെങ്കിലും രണ്ടു കോടതികളും സിംഗിൾ ബെഞ്ച് ഉത്തരവു ശരിവയ്ക്കുകയും ഒരു ജില്ലയോടു മാത്രം വിവേചനം പാടില്ല എന്നും പറഞ്ഞിട്ടുണ്ട്. സുപ്രീം കോടതി വിധി വന്നിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നിയമം ഭേദഗതി ചെയ്തിട്ടില്ല. ഭൂപതിവു ചട്ടം ഭേദഗതി ചെയ്യുന്നതു സംബന്ധിച്ച് ജനപ്രതിനിധികളുടെ യോഗം വിളിക്കണമെന്നും പി.ജെ. ജോസഫ് റവന്യു മന്ത്രി കെ. രാജനോട് ആവശ്യപ്പെട്ടു.