കരിമണ്ണൂർ: ആർപ്പാമറ്റം- കരിമണ്ണൂർ റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമാകുന്നില്ല. കരിമണ്ണൂർ പഞ്ചായത്ത് പടിക്കൽ ആരംഭിച്ച് ഇടവെട്ടി പഞ്ചായത്തിലെ ആർപ്പാമറ്റം വഴി തൊടുപുഴയിൽ എത്താൻ സൗകര്യമുള്ളതാണ് ഈ റോഡ്. ചക്കാം കുന്നേൽ കവല മുതൽ ആർപ്പാമറ്റം വരെയുള്ള ഭാഗം മെറ്റൽ ഇളകി വലിയ ഗർത്തം നിറഞ്ഞ് കാൽ നടയാത്ര പോലും ദുസ്സഹമായ അവസ്ഥയാണ്. കിളിയറ,ചാലാശ്ശേരി, ചിലവ്,ഏഴുമുട്ടം ഭാഗങ്ങളിലെ നൂറുകണക്കിനാളുകൾ ദിവസവും യാത്രചെയ്യുന്ന റോഡാണിത്.റോഡിന്റെ പണിക്കായി മിറ്റൽ ഇറക്കിയിട്ടിരുന്നത് പലയിടങ്ങളിലും റോഡിൽ നിരന്നുകിടക്കുന്നതും അപകടകാ രണമാകുന്നുണ്ട്. രോഗികളെ ആശുപത്രിയിൽ എത്തിക്കേണ്ട സാഹചര്യങ്ങളിലാണ് ഏറ്റവും ദുരിതം. ഓട്ടോ റിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഓട്ടം വിളിച്ചാൽ ഇതുവഴി വരാൻ തയ്യാറല്ല.കരിമണ്ണൂർ പഞ്ചായത്ത് പടി-പട്ടയം കവല ബൈ പാസ് റോഡാണെങ്കിലും അധികൃതർ കണ്ട ഭാവം നടിക്കുന്നില്ല. പ്രധാന റോഡിൽ തടസ്സം ഉണ്ടാകുമ്പോൾ ഇതുവഴിയാണ് ഗതാഗതം തിരിച്ചു വിടുന്നതും.