തൊടുപുഴ: ഇന്ധന വില വർദ്ധനവിനെതിരെ സി.പിഐയുടെ നേതൃത്വത്തിൽ നാളെ ജില്ലയിലെമ്പാടും പ്രതിഷേധ സമരം നടത്തുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ അറിയിച്ചു. ലോക്ക് ഡൗൺ മൂലം തൊഴിലും ജീവിത മാർഗങ്ങളും ഇല്ലാതായി ജനങ്ങളുടെ ജീവിതം വഴിമുട്ടി നിൽക്കുമ്പോഴുള്ള കേന്ദ്ര സർക്കാരിന്റെ പകൽ കൊള്ള ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇന്ധനവില വർദ്ധന നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിന് കാരണമായിരിക്കുകയാണ്. രാജ്യത്തെമ്പാടും ഉണ്ടായിട്ടുള്ള പ്രതിഷേധങ്ങളെ അവഗണിച്ചാണ് വില വർദ്ധന കേന്ദ്ര സർക്കാർ തുടരുന്നത്. എണ്ണ കമ്പനികളുടെ ലാഭക്കൊതിക്ക് കേന്ദ്ര സർക്കാർ കൂട്ടു നിൽക്കുകയാണ്. രാജ്യത്ത് പണപ്പെരുപ്പത്തിനും ദാരിദ്ര്യത്തിനും വഴിവയ്ക്കുന്ന ദിനംപ്രതിയുള്ള ഇന്ധന വിലവർദ്ധന അടിയന്തരമായി പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് കെ.കെ. ശിവരാമൻ ആവശ്യപ്പെട്ടു. പ്രതിഷേധ സമരങ്ങളുടെ ഭാഗമായി നാളെ ജില്ലയിലെ മുഴുവൻ പാർട്ടി ആഫീസുകളുടെ മുറ്റങ്ങളിലും വീട്ടുമുറ്റങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ സമരം നടത്തും.