ചെറുതോണി: കറണ്ട് പോയാൽ ചേലച്ചുവട്ടിലെ ബി.എസ്.എൻ.എൽ ടവറിന്റെ പ്രവർത്തനം നിലയ്ക്കും. അതോടെ ചേലച്ചുവട്, ചുരുളി, ആൽപ്പാറ, കത്തിപ്പാറ, കട്ടിംങ്ങ് പ്രദേശങ്ങൾനെറ്റ് വർക്കിന്റെ പരിധിക്ക് പുറത്താകും. നൂറ് കണക്കിന് മൊബൈൽ ഫോൺ ഉപഭോക്താക്കളും ഓൺലൈൻ പഠനം നടത്തുന്ന വിദ്യാർത്ഥികളും ഇതിന്റെ ദുരിതം അനുഭവിക്കുകയാണ്. ചേലച്ചുവട്ടിൽ സ്ഥാപിച്ചിരിക്കുന്ന ബി.എസ്.എൻ.എൽ ടവറിന്റെ ജനറേറ്റർ പ്രവർത്തന രഹിതമായതാണ് പ്രശ്നകാരണം. ടവർ പ്രവർത്തനമാരംഭിച്ചപ്പോൾ സെക്യൂരിറ്റി ജീവനക്കാരന്റെ സേവനം ലഭ്യമായിരുന്നുവെങ്കിലും രണ്ട് വർഷക്കാലമായി സെക്യൂരിറ്റി ജിവനക്കാരനില്ല. ഇതൊടെ ടവറും പരിസരവും കാട്കയറി ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറിരിക്കുകയാണ്. ലോക്ക് ഡൗൺ സാഹചര്യത്തിൽ സ്‌കൂളുകളിൽ ഓൺലൈൻ ക്ലാസ്സുകളാക്കിയതിനാൽ നൂറ് കണക്കിന് വിദ്യാർത്ഥികൾക്ക് ക്ലാസ്സിൽ പങ്കെടുക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. ഇക്കാര്യത്തിൽ അടിയന്തിര നടപടി ഉണ്ടാവണമെന്ന് യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി സോയി മോൻ സണ്ണി ആവശ്യപ്പെട്ടു.