ഉടുമ്പന്നൂർ: നായാട്ടിനായി നാടൻ തോക്കുമായി കാടുകയറിയ അഞ്ചംഗ സംഘത്തിലെ രണ്ട് പേർക്ക് വെടിയേറ്റ സംഭവം അബദ്ധത്തിൽ സംഭവിച്ചതാണെന്ന് പറയുമ്പോഴും ദുരൂഹതയുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു . ഇന്നലെ പുലർച്ചെ മലയിഞ്ചി വനത്തിലാണ് വെടിയേറ്റ് വെണ്ണിയാനി സ്വദേശികളായ തടിവെണ്ണിയാനി വീട്ടിൽ ടി.കെ. മനോജ് (30), പാച്ചുപതിക്കൽ സി.ബി. മുകേഷ് (32) എന്നിവർക്ക് പരിക്കേറ്റത്. സംഘത്തിലുണ്ടായിരുന്ന വെണ്ണിയാനി തൈപ്ലാത്തോട്ടത്തിൽ അനി (30), കുരുവിപ്ലാക്കൽ മധു (40), വാദ്യങ്കാവിൽ രതീഷ് (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് തോക്കുകളും പിടിച്ചെടുത്തു. തോക്കുപയോഗിച്ച് വെടിയുതിർത്ത് മീൻ പിടിക്കാൻ പോയി തിരികെ വരും വഴി അബദ്ധത്തിൽ തോക്ക് പൊട്ടി പരിക്കേൽക്കുകയായിരുന്നെന്ന് ഇവർ പറയുന്നു. എന്നാൽ, പ്രധാനമായും നായാട്ടിന് വേണ്ടിയാണ് ഇവർ പോയതെന്നാ ണ് പൊലീസ് കരുതുന്നത്. തിരികെ വരും വഴി തോക്കു കൈയിൽ വെച്ചിരുന്നയാൾ തെന്നി വീണു. ഇതോടെ കൈയിലിരുന്ന തോക്ക് പൊട്ടി. അങ്ങനെയാണ് പരിക്കേറ്റതെന്നാണ് മനോജും മുകേഷും പറയുന്നത്. വെടിയേറ്റതായതിനാൽ ആദ്യം ആശുപത്രിയിൽ കൊണ്ടുപോകാൻ മറ്റുള്ളവർ തയ്യാറായില്ലെന്ന് പരിക്കേറ്റവർ തന്നെ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ പരിക്ക് സാരമുള്ളതാണെന്ന് ബോധ്യപ്പെട്ടത്തോടെ മറ്റ് മൂന്നു പേരുടെ സഹായത്തോടെ ഇവരെ മലയിഞ്ചിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഒരു ജീപ്പ് വിളിച്ചാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഇവർ നാല് ദിവസം മുമ്പ് കാട്ടിൽ പോയതാണെന്നാണ് അറിയുന്നത്. ലൈസൻസില്ലാതെ തോക്ക് കൈവശം വെച്ചതിന് അഞ്ച് പേർക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. അബദ്ധത്തിൽ വെടിപൊട്ടി പരിക്കേറ്റതാണെന്ന് പറയുന്നുണ്ടെങ്കിലും ഇവർ തമ്മിൽ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കൂടാതെ വന്യമൃഗങ്ങളെ വേട്ടയാടിയോ എന്നും അന്വേഷിക്കുന്നുണ്ട്. ഇവർ ഇടയ്ക്കിടയ്ക്ക് കാടിനുള്ളിലേക്ക് പോകുമെന്നും ഒന്നോ രണ്ടോ ദിവസങ്ങൾ കഴിഞ്ഞാണ് തിരികെ വരാറുള്ളതെന്നും നാട്ടുകാർ പറയുന്നു.