തൊടുപുഴ: ലോക്ക് ഡൗണിനെ തുടർന്നുള്ള ഇളവുകളുടെ ഭാഗമായി കെ.എസ്.ആർ.ടി.സി ബസുകൾ ജില്ലയിൽ സർവീസ് ആരംഭിച്ചെങ്കിലും യാത്രക്കാർ തീരെ കുറവ്. സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ നിന്ന് ദീർഘദൂര സർവീസുകളാണ് ബുധനാഴ്ച മുതൽ പുനരാരംഭിച്ചത്. തൊടുപുഴ ഡിപ്പോയിൽ നിന്നാണ് കൂടുതൽ സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്നത്- ഏഴ് സർവ്വീസുകൾ. കുമളിയിൽ നിന്നും കട്ടപ്പനയിൽ നിന്നും നാല് സർവീസുകളും മൂലമറ്റത്ത് നിന്ന് രണ്ട് സർവീസുകളുമാണ് പുനരാരംഭിച്ചത്. ആദ്യ രണ്ട് ദിവസങ്ങളിലും യാത്രക്കാർ തീരെ കുറവായിരുന്നു. എങ്കിലും വരും ദിവസങ്ങളിലും സർവീസ് തുടരുമെന്ന് അധികൃതർ അറിയിച്ചു. ചില സർവീസുകൾ ആരോഗ്യപ്രവർത്തകർക്കും സർക്കാർ ജീവനക്കാർക്കും മാത്രമായി നിശ്ചയിച്ചിട്ടുണ്ട്. മൂന്നാർ ഡിപ്പോയിൽ നിന്ന് രാവിലെ പത്തരയ്ക്ക് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന ബസ് പിറ്റേ ദിവസം രാവിലെ 6.45ന് അവിടെ നിന്ന് മൂന്നാറിലേക്ക് തിരിക്കും. ഇതിന് പുറമെ തിരുവനന്തപുരം ഡിപ്പോയിൽനിന്ന് മൂന്നാറിലേക്കുള്ള സർവീസും പുനരാരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തു നിന്ന് ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുന്ന ബസ് പിറ്റേ ദിവസം രാവിലെ 4.40ന് മൂന്നാറിൽനിന്ന് തിരിക്കും. അതേസമയം, അത്യാവശ്യമുള്ള ഒരു ഹ്രസ്വദൂര സർവീസ് പുനരാരംഭിക്കാമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കുമളി ഡിപ്പോയിൽനിന്ന് രാവിലെ ആറരയ്ക്കും ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കും മുണ്ടക്കയത്തേക്ക് സർവീസ് നടത്തുന്നുണ്ട്. ഇതിലും യാത്രക്കാർ വളരെ കുറവാണ്. വരും ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണം കൂടുകയാണെങ്കിൽ ദീർഘദൂര സർവീസുകൾ വർദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് അധികൃതർ പറയുന്നത്. സർവീസ് സംബന്ധിച്ച് വിവിധ ഡിപ്പോകളിൽ യാത്രക്കാരിൽ നിന്ന് ഒട്ടേറെ അന്വേഷണം എത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ യാത്രക്കാർ വർദ്ധിക്കുമെന്നാണ് കെ.എസ്.ആർ.ടി.സിയുടെ പ്രതീക്ഷ. കൊവിഡ് വ്യാപന ഭീതി മാറാതെ നിൽക്കുന്നതാണ് യാത്രക്കാരെ പൊതുഗതാഗത സംവിധാനത്തിൽ നിന്ന് അകറ്റിനിറുത്തുന്നത്.

പ്രധാന സർവീസുകൾ

തിരുവനന്തപുരം- തൊടുപുഴ (രാവിലെ 11.30), തൊടുപുഴ- എറണാകുളം (രാവിലെ 5.40), എറണാകുളം- തൊടുപുഴ (വൈകിട്ട് അഞ്ച് മണി), തൊടുപുഴ- കോട്ടയം (രാവിലെ ആറ് മണി- സർക്കാർ ജീവനക്കാർക്കും കോട്ടയം മെഡിക്കൽ കോളജിലെ ആരോഗ്യപ്രവർത്തകർക്കും വേണ്ടി ), കോട്ടയം- തൊടുപുഴ (ഉച്ചക്ക് രണ്ട് മണി), തൊടുപുഴ- ചെറുതോണി (രാവിലെ 6.15- സർക്കാർ ജീവനക്കാർക്ക് വേണ്ടി മാത്രം), ചെറുതോണി- തൊടുപുഴ (വൈകിട്ട് അഞ്ച് മണി), തൊടുപുഴ- കട്ടപ്പന (രാവിലെ 6.45), കട്ടപ്പന- തൊടുപുഴ (വൈകിട്ട് 4.45), തൊടുപുഴ- അടിമാലി (രാവിലെ എട്ട് മണി), അടിമാലി- തൊടുപുഴ (വൈകിട്ട് നാല് മണി), തൊടുപുഴ- ഇടുക്കി കളക്ട്രേറ്റ് (രാവിലെ എട്ട് മണി), കളക്ട്രേറ്റ്‌ തൊടുപുഴ (വൈകിട്ട് അഞ്ച് മണി).