ഇടുക്കി: കൊവിഡ് 19 നിർവ്യാപന പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 16 തിയതി വരെ ലോക്ക്‌ഡൌൺ ദീർഘിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ വിവിധ മേഖലകളിൽ പ്രവർത്തനാനുമതി നൽകിയിട്ടുള്ളവയുടെ വിവരങ്ങൾ ചുവടെ

റേഷൻ കടകൾ, പലചരക്ക്, പഴം, പച്ചക്കറി, പാലും പാലുൽപ്പന്നങ്ങളും, മാംസം, മൽസ്യം, വളർത്ത് മൃഗങ്ങൾക്കുള്ള തീറ്റകൾ, റബ്ബർ ട്രേഡിങ്ങ് കടകൾ, നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾ (ഇലക്ട്രിക്കൽ, പ്ലംബിംഗ് കടകൾ ഉൾപ്പെടെ), വ്യവസായ സ്ഥാപനങ്ങൾക്കുള്ള അസംസ്‌കൃത വസ്തുക്കൾ (പാക്കിംഗ് സാമഗ്രികൾ ഉൾപ്പെടെ) വിൽക്കുന്ന കടകൾ എന്നിവയ്ക്ക് രാവിലെ 9 മുതൽ രാത്രി 7.30 വരെ തുറന്ന് പ്രവർത്തിക്കാം.

ഹോട്ടലുകൾ, ബേക്കറികൾ എന്നിവയ്ക്ക് ഹോം ഡെലിവറി, പാഴ്‌സൽ എന്നിവയ്ക്ക് മാത്രമായി രാവിലെ 9.മുതൽ രാത്രി 7.30 വരെ തുറന്ന് പ്രവർത്തിക്കാം.

കള്ള് ഷാപ്പുകൾക്ക് പാഴ്‌സൽ സർവ്വീസിന് മാത്രമായി രാവിലെ 9 മുതൽ രാത്രി 7.30 വരെ തുറന്ന് പ്രവർത്തിക്കാം.

ലോക്ക്‌ഡൌൺ കാലയളവിൽ അനുമതി നൽകിയിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സൈറ്റ് എൻജിനിയർമാർ/ സൂപ്പർ വൈസർമാർ എന്നിവർക്ക് വീടുകളിൽ നിന്നും ജോലി സ്ഥലത്തേക്കും തിരികെയ അവരുടെ തിരിച്ചറിയൽ രേഖയുടെയോ/ അംഗീകാര പത്രത്തിന്റെയോ അടിസ്ഥാനത്തിൽ, യാത്ര ചെയ്യുന്നതിന് അനുമതി ഉണ്ടായിരിക്കും.

തുണിക്കടകൾ, ജ്വല്ലറികൾ, സ്റ്റേഷനറി, കണ്ണട, കേൾവി ഉപകരണം, സ്ത്രീ ശുചിത്വ വസ്തുക്കൾ, ചെരിപ്പ് എന്നിവ വിൽക്കുന്ന കടകൾ, ബുക്ക് സ്റ്റാൾ, റിപ്പയറിംഗ് കടകൾ (ടി.വി, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, മോട്ടോർ വാഹനങ്ങൾ, .) എന്നിവയ്ക്ക് വെള്ളിയാഴ്ച ദിവസം രാവിലെ 7 മുതൽ രാത്രി 7വരെ തുറന്ന് പ്രവർത്തിക്കാവുന്നതാണ്.

വാഹന ഷോറൂമുകൾ (വാഹനങ്ങളുടെ അടിയന്തര അറ്റകുറ്റപണികൾക്ക് മാത്രമായി) വെള്ളിയാഴ്ച ദിവസം രാവിലെ 7മുതൽ ഉച്ചയ്ക് 2 വരെ തുറന്ന് പ്രവർത്തിക്കാവുന്നതാണ്. വാഹന വിൽപ്പന അനുവദനീയമല്ല.

ബാങ്കുകൾ, ധനകാര്യ/ പണമിടപാട് സ്ഥാപനങ്ങൾ എന്നിവയ്ക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 5വരെ തുറന്ന് പ്രവർത്തിക്കാവുന്നതാണ്.

12. 13 തിയതികളിൽ കർശന ലോക്ക്‌ഡൌൺ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ ഉണ്ടായിരിക്കുന്നതാണ്. ഈ ദിവസങ്ങളിൽ ചുവടെ ചേർക്കുന്നവയ്ക്ക് മാത്രമായിരിക്കും അനുമതി ഉണ്ടാവുക.

അവശ്യ സർവ്വീസുകളായ കേന്ദ്ര/ സംസ്ഥാന സർക്കാരുകളുടെയും, സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ എന്നിവയുടെയും ഓഫീസുകൾക്ക് തുറന്ന് പ്രവർത്തിക്കാവുന്നതും കൊവിഡ് 19 നിർവ്യാപന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാർക്കും, വ്യക്തികൾക്കും ഡ്യൂട്ടി സംബന്ധമായ ആവശ്യത്തിലേക്കായി യാത്ര ചെയ്യാം.

24 മണിക്കൂറും പ്രവർത്തിക്കേണ്ട അവശ്യ സർവ്വീസുകളായ വ്യവസായ സ്ഥാപനങ്ങൾ/ കമ്പനികൾ മുതലായവയ്ക്ക് പ്രവർത്തനാനുമതി ഉണ്ടായിരിക്കും. ഈ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അംഗീകൃത തിരിച്ചറിയൽ രേഖയുടെ അടിസ്ഥാനത്തിൽ യാത്രാനുമതി ഉണ്ട്.

ടെലികോം, ഇന്റർനെറ്റ് സേവന ദാതാക്കൾ എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ വാഹനങ്ങൾക്കും, ജീവനക്കാർക്കും പ്രസ്തുത സ്ഥാപനങ്ങളിൽ നിന്നുമുള്ള അംഗീകൃത തിരിച്ചറിയൽ രേഖകളുടെ അടിസ്ഥാനത്തിൽ യാത്രാനുമതി ഉണ്ട്.

രോഗികൾ, അടിയന്തര ചികിൽസ ആവശ്യമായ വ്യക്തികൾ, കൊവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനായി യാത്ര ചെയ്യുന്ന വ്യക്തികൾ എന്നിവർക്ക് അംഗീകൃത തിരിച്ചറിയൽ രേഖകളുടെ അടിസ്ഥാനത്തിൽ യാത്രാനുമതി ഉണ്ടായിരിക്കും.

ഭക്ഷ്യ വസ്തുക്കൾ, പലചരക്ക്, പഴം പച്ചക്കറി, പാലും പാലുൽപ്പന്നങ്ങളും, കള്ള്, മാംസം, മൽസ്യം എന്നിവ വിൽപ്പന നടത്തുന്ന കടകൾക്ക് രാവിലെ 07.00 മണി മുതൽ രാത്രി 07.00 മണി വരെ തുറന്ന് പ്രവർത്തിക്കാം. പൊതുജനങ്ങൾ വീടുകളിൽ നിന്ന് പൊതു ഇടങ്ങളിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കുന്നതിനായി കടകളിൽ നിന്നും പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കേണ്ടതാണ്.

റെസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവയ്ക്ക് ഹോം ഡെലിവറി/ പാഴ്‌സൽ സർവ്വീസിന് മാത്രമായി രാവിലെ 7മുതൽ രാത്രി 7വരെ തുറന്ന് പ്രവർത്തിക്കാം.

ദീർഘദൂര ബസ് സർവ്വീസുകൾക്ക് പ്രവർത്തനാനുമതി ഉണ്ടായിരിക്കും. യാത്രാ രേഖ/ ടിക്കറ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് പൊതുജനങ്ങൾക്ക് യാത്ര ചെയ്യുന്നതിനും, ചരക്ക് വാഹനങ്ങൾക്കും, സ്വകാര്യ/ ടാക്‌സി വാഹനങ്ങൾക്ക് യാത്രക്കാരെ ബസ് ടെർമിനലുകൾ/ സ്റ്റോപ്പുകൾ/ സ്റ്റാൻഡുകൾ എന്നിവിടങ്ങളിലേക്ക് എത്തിക്കുന്നതിനും യാത്രാനുമതി ഉണ്ടായിരിക്കും.

കൊവിഡ് ജാഗ്രതാ പോർട്ടലിൽ വിവാഹം, ഗൃഹപ്രവേശം എന്നിവയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് കൊണ്ട് ചടങ്ങുകൾ സംഘടിപ്പിക്കുന്നതിന് അനുമതി ഉണ്ടായിരിക്കും.