രാജാക്കാട് : ഹരിതകേരളം പ്രവർത്തനങ്ങളിൽ ചരിത്ര നേട്ടം സ്വന്തമാക്കുകയാണ് രാജാക്കാട് പഞ്ചായത്തിലെ ഏഴ് ഹരിതകർമ്മ സേനാംഗങ്ങൾ. പഞ്ചായത്തിലെ അഞ്ച് വാർഡുകളിലെ 1320 കുടുംബങ്ങളുടെയും 58 കടകളുടെയും യൂസർ ഫീ സ്വന്തമാക്കിയാണ് പഞ്ചായത്തിനെ ജില്ലയിൽ മുന്നിലെത്തിച്ചിരിക്കുന്നത്. ജില്ലയിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങളൊന്നും ഇനിയും ഈ തലത്തിലേയ്ക്ക് എത്തിയിട്ടില്ലെന്ന് ഹരിതകേരളം ജില്ലാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഡോ. ജി എസ് മധു സാക്ഷ്യപ്പെടുത്തുന്നു. സമ്പൂർണ്ണ ശുചിത്വ പദവി പ്രഖ്യാപിച്ച ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലൊന്നാണ് രാജാക്കാട്. വീടുകളിൽ നിന്നും പാഴ് വസ്തുക്കൾ ശേഖരിക്കുന്നതിന് ഹരിതകർമ്മ സേനയ്ക്ക് വീടുകൾ പ്രതിമാസം 50രൂപയും കടകൾ 100രൂപയുമാണ് ഹരിത കർമ്മ സേനയ്ക്ക് നൽകേണ്ടത്.
ഹരിതകർമ്മ സേനയും കുടംബങ്ങളും ഹാപ്പി...
വാർഡിലെ വീടുകൾ വൃത്തിയാകുന്നതിനൊപ്പം അത്യാവശ്യ വരുമാനം കൂടി സ്വന്തമാക്കുകയാണ് ഹരിതകർമ്മ സേനാംഗങ്ങൾ.നേരത്തേ 20 രൂപയായിരുന്നു യൂസർഫീ, അപ്പോൾ വരുമാനവും കളക്ഷനും കുറവായിരുന്നു. പിന്നീട് യൂസർഫീ വീടുകൾക്ക് 50, കടകൾക്ക് 100 എന്നിങ്ങനെ പുതുക്കി നിശ്ചയിച്ചതോടെ കഷ്ടപ്പെടുന്നതിന് മുതലുണ്ടെന്ന ഒരു തോന്നൽ ഹരിതകർമ്മ സേനയ്ക്ക് ലഭിച്ചു. ഇതോടെയാണ് ഇവിടെ പ്രവർത്തനം ഉഷാറായത്. സർക്കാർ ഉത്തരവ് പ്രകാരം വീടുകൾക്ക് 60 രൂപാ വരെ യൂസർഫീ ഈടാക്കാം.ഈ സർക്കാർ തീരുമാനത്തിന്റെ പിൻബലത്തിലാണ് ഹരിതകർമ്മ സേനയെ മുന്നിൽക്കണ്ട് ഈ തീരുമാനമെടുത്തതെന്ന് പ്രസിഡന്റ് എം എസ് സതിയും സെക്രട്ടറി ആർ സി സുജിത് കുമാറും പറഞ്ഞു.
നിവൃത്തിയില്ലാത്തവർക്ക് യൂസർ ഫീ പഞ്ചായത്ത് വക
രോഗവും മറ്റ് പ്രശ്‌നങ്ങളും കാരണം തീർത്തും നിവൃത്തിയില്ലാത്തവരുടെ യൂസർ ഫീ പഞ്ചായത്ത് പ്രോജക്ടിലൂടെ നൽകുന്നതിനും വഴിയൊരുക്കിയിട്ടുണ്ടെന്ന്പഞ്ചായത്ത് അസി. സെക്രട്ടറി ടി കെ കാഞ്ചന പറയുന്നു. ഒരു വാർഡിൽ പത്ത് കുടുംബങ്ങളാണ് ഇത്തരത്തിലുള്ളതെന്നാണ് കണക്കാക്കിയിട്ടുള്ളത്. അതിനാൽ 130 പേരുടെ യൂസർഫീയാണ് പഞ്ചായത്ത് നൽകുന്നത്.