ചെറുതോണി: ലോക്ക് ഡൗൺ മൂലം തൊഴിലവസരങ്ങൾ കുറവായതിനാൽ കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് 1000 രൂപ ധനസഹായം നൽകാനുള്ള സർക്കാർ തീരുമാനത്തെ കർഷകതൊഴിലാളി കോൺഗ്രസ് സ്വാഗതം ചെയ്തു. ലോക്ക്ഡൗൺ നീളുന്നതിനാൽ സഹായധനം 3000 രൂപയാക്കി ഉയർത്തണമെന്ന് സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. കഴിഞ്ഞവർഷം 1000 രൂപ വാങ്ങിയവർ പുതിയ അപേക്ഷ നൽകേണ്ടതില്ലായെന്ന തീരുമാനം നല്ല കാര്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു. പല കാരണങ്ങളാൽ കഴിഞ്ഞവർഷം അപേക്ഷ നൽകാത്തവർക്ക് 1000 രൂപ കൊടുത്തിരുന്നില്ല. ഈ വർഷവും അവർക്ക് സഹായം കിട്ടാതെ വരുമെന്നതിനാൽ ആവശ്യമായ രേഖകളോടെ അപേക്ഷ നൽകുവാനുള്ള സമയം ദീർഘിപ്പിക്കണം. യാത്രാസൗകര്യങ്ങളില്ലാത്തതിനാൽ ബാങ്ക് അക്കൗണ്ടുകളെടുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. സംസ്ഥാനപ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ അദ്ധ്യക്ഷത വഹിച്ചു. മാത്യു കൈച്ചിറ, മടന്തമൺ തോമസ്, പി.പി.അനുജൻ, എ.ഉണ്ണികൃഷ്ണൻ, പി.വൈ.ജോസഫ്, സ്റ്റീഫൻ കണ്ടത്തിൽ, ടോമി ജോർജ്ജ്, ബാബു കീച്ചേരിൽ, എ.ഡി.മാത്യു, അബ്ദുൾഖാദർ തുടങ്ങിയവർ പങ്കെടുത്തു.