ഉടുമ്പന്നൂർ: നായാട്ടിനു പോകുന്നതിനിടയിൽ തോക്കിൽ നിന്ന് വെടിയുതിർന്ന് രണ്ടു പേർക്ക് പരിക്കേറ്റ കേസിൽ മൂന്ന് പ്രതികളെയും 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. പ്രതികളെ ഇന്നലെ രാവിലെ മലയിഞ്ചിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയതിനു ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. വെണ്ണിയാനി സ്വദേശികളായ കൈപ്ലാംതോട്ടത്തിൽ അനി (30), കുരുവിപ്ലാക്കൽ മധു (40), വാദ്യംകാവിൽ രതീഷ് (30) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ ഇവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് കരിമണ്ണൂർ സി.ഐ കെ. ഷിജി പറഞ്ഞു. പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഉടുമ്പന്നൂർ തടിവെണ്ണിയാനിയിൽ മനോജ് (30) പാച്ചുപതിയ്ക്കൽ മുകേഷ് (32) എന്നിവരെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന അഞ്ചംഗ സംഘമാണ് ബുധനാഴ്ച പുലർച്ചെ നായാട്ടിനായി പോയത്. നടന്നു പോകുന്നതിനിടെ കാൽ വഴുതി വീണപ്പോൾ അബദ്ധത്തിൽ വെടി പൊട്ടിയെന്നാണ് അറസ്റ്റിലായവർ നൽകിയ മൊഴി. പ്രതികൾ ഒളിപ്പിച്ചിരുന്ന രണ്ട് നാടൻ തോക്കുകളും പൊലീസ് കണ്ടെടുത്തിരുന്നു. പ്രതികൾക്കെതിരെ വധശ്രമത്തിനും ലൈസൻസ് ഇല്ലാതെ തോക്ക് കൈവശം വച്ചതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.