തൊടുപുഴ : തൊടുപുഴ കെഎസ്ആർടിസി ബസ്റ്റാൻഡിന്റെയും കാഞ്ഞിരമറ്റം പാലത്തിന്റെ അപ്രോച്ച് റോഡിന്റെയും
കാര്യത്തിൽ വർഷങ്ങളായി സ്ഥലം എംഎൽഎ സ്വീകരിച്ചത് വഞ്ചനപരമായ നിലപാടാണെന്ന് എൽഡിഎഫ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.2010ൽ ഏകദേശം ആറു കോടി രൂപ എസ്റ്റിമേറ്റിൽ നിർമ്മാണ പ്രവർത്തനം ആരംഭിച്ച കെഎസ്ആർടിസി ബസ്റ്റാൻഡ് നീണ്ട പതിനൊന്ന് വർഷം പിന്നിടുമ്പോഴും പണി പൂർത്തിയാകാത്തതിന്റെ ഉത്തരവാദിത്വം എൽഡിഎഫിന്റെ തലയിൽകെട്ടി വയ്ക്കാൻ എംഎൽഎ ശ്രമിച്ചിട്ടുള്ളത്. നിർമ്മാണം ആരംഭിച്ച ഡിപ്പോകൾ എല്ലാം ഉദ്ഘാടനം കഴിഞ്ഞ് പ്രവർത്തനമാരംഭിച്ച ശേഷവും തൊടുപുഴയിലെ ഡിപ്പോ നോക്കുകുത്തിയായി നിൽക്കുകയാണ്.

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുൻപ് ഡിപ്പോയുടെ ഉദ്ഘാടനം മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് നടത്താൻ നിശ്ചയിച്ചെങ്കിലും വൈദ്യുതി കണക്ഷൻ നൽകാത്തത് മൂലം മാറ്റിവെച്ചു.വൈദ്യുതി കണക്ഷൻ നൽകുന്നതിനുവേണ്ടിയുള്ള നടപടികളിലേക്ക് കടന്നപ്പോഴാണ് വയറിങ് നടത്തിയിട്ടില്ലയെന്നും, അതിനുള്ള തുക എസ്റ്റിമേറ്റിൽ വകയിരുത്തിയിട്ടില്ലയെന്നും അറിയുന്നത്. കൂടാതെ ഗ്യാരേജിലേക്ക് വാഹനം കയറാൻ കഴിയാത്ത നിലയിലാണ് റൂഫ് വർക്കുകൾ നടത്തിയിട്ടുള്ളതെന്നും കണ്ടെത്തി.
ഇതെല്ലാം പരിഹരിച്ച് നിർമ്മാണപ്രവർത്തനം പൂർത്തീകരിക്കുന്നതിന് ആവശ്യമായ രണ്ടുകോടി രൂപ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തിൽ തന്നെ അനുവദിച്ചിട്ടുള്ളതാണെന്നും നിയോജക മണ്ഡലം കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു.