തൊടുപുഴ: നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും വേണ്ടിയെന്ന രീതിയിൽ കൊട്ടിഘോഷിച്ച് നടത്തുന്ന പ്രഖ്യാപനങ്ങളിൽ മിക്കതും " വെറും പ്രഖ്യാപനങ്ങൾ" മാത്രമാണ് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാവുകയാണ് മുട്ടം പഞ്ചായത്ത് പ്രദേശത്ത് വിഭാവനം ചെയ്ത ബൈപാസ് റോഡുകൾ.നിരവധി സർക്കാർ-പൊതുമേഖല-സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മുട്ടം പഞ്ചായത്ത് പ്രദേശം തൊടുപുഴ നഗരത്തിന്റെ ഉപനഗരമാണെന്നൊക്കെ 'വെറുതെ ' പറയാമെങ്കിലും അടിസ്ഥാന ഘടകയായ റോഡുകളുടെ ആവശ്യകതയോട് പതിറ്റാണ്ടുകളായി അധികൃതർ മുഖം തിരിക്കുകയാണ്.ഇടുക്കി,പാല,തൊടുപുഴ,ഈരാറ്റ് പേട്ട മേഖലകളിലേക്ക് കടന്ന് പോകുന്ന വാഹനങ്ങളുടെ സംഗമസ്ഥലമായ മുട്ടം ടൗണിലെ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്ക് അതിരൂക്ഷമാണ്.ശബരിമല സീസൻ ആകുന്നതോടെ അയ്യപ്പ ഭക്തർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് മുവാറ്റുപുഴ-തൊടുപുഴ-മുട്ടം-ഈരാറ്റ്പേട്ട റൂട്ടാണ്. അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ പകലും രാത്രിയും വ്യത്യാസമില്ലാതെ മുട്ടം ടൗണിൽ കുരുങ്ങി കിടക്കുന്നതും പതിവ് സംഭവങ്ങളാണ്.ഇതിനെല്ലാം പരിഹാരമായി മുട്ടം ടൗൺ പ്രദേശത്തിന് സമാന്തരമായി ഇടപ്പളളി -തോട്ടുങ്കര,എം വി ഐ പി ഓഫീസ്-മാത്തപ്പാറ-ശങ്കരപ്പളളി,മൂലമറ്റം റോഡ്- മുട്ടം ടാക്സി സ്റ്റാന്റ് എന്നിങ്ങനെ മുന്ന് ബൈപാസുകൾ ഒാരോ കാലഘട്ടങ്ങളിലായി അധികൃതർ പ്രഖ്യാപിച്ചു.എന്നാൽ പ്രഖ്യാപനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എവിടെ എത്തി നിൽക്കുന്നു എന്ന് പ്രഖ്യാപനങ്ങൾ നടത്തിയവർക്ക് പോലും അറിയില്ല.
ഇടപ്പളളി-തോട്ടുങ്കര
ബൈപാസ്
പെരുമറ്റം കനാലിന് സമീപം പഴയ റോഡിൽ നിന്ന് ആരംഭിച്ച് എഞ്ചിനിയറിംഗ് കോളേജിന്റെ പിന്നിൽ തോടിന് സമാന്തരമായിട്ട് തോട്ടുങ്കര പാറക്കടവിൽ എത്തുന്ന രീതിയിലാണ് ഇടപ്പളളി-തോട്ടുങ്കര ബൈപാസ് വിഭാവനം ചെയ്തത്.ഉമ്മൻ ചാണ്ടി സർക്കാരിൽ ജലവിഭവ മന്ത്രിയായിരുന്ന പി ജെ ജോസഫ് പ്രത്യേക താൽപര്യ പ്രകാരമായിരുന്നു ഇടപ്പളളി-തോട്ടുങ്കര ബൈപാസ് സവിഭാവനം ചെയ്തത്.2.1 കിലോ മീറ്റർ നീളവും 20 മീറ്റർ വീതിയിലുമുള്ള ഇതിന്റെ സ്ഥലം അളന്ന് സർവ്വേ കല്ല് സ്ഥാപിച്ചു. പ്രദേശവാസികളായ ചിലർ കോടതിയിൽ കേസ് നൽകിയതോടെ ബൈപാസ് നിർമ്മാണം അവിടെ സ്തംഭിച്ചു.പിന്നീട് വർഷങ്ങൾക്ക് ശേഷം കേന്ദ്ര സർക്കാരിലെ ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ
പുതുക്കിയ നടപടികൾ പ്രകാരം ബൈപാസ് നിർമ്മാണം പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല.