അറക്കുളം: ഇന്നോവ കാർ മറിഞ്ഞ് തൊടുപുഴ സുൽത്താൻ ഫിഷറീസ് ഉടമ കുഴിമണ്ഡപത്തിൽ സലീം (43) ബന്ധു പള്ളത്ത്‌ പറമ്പിൽ സുഹയാൻ (21) എന്നിവർക്ക് പരിക്ക്. തമിഴ്നാട്ടിലെ മാമ്പഴത്തോട്ടത്തിൽ പോയി തിരിച്ച് വന്ന ഇവർ സഞ്ചരിച്ചിരുന്ന കാർ അറക്കുളം മൈലാടി ഭാഗത്ത് എത്തിയപ്പോൾ താഴെ റോഡിലേക്ക് മറിയുകയായിരുന്നു.വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിയോടെയാണ് അപകടം.കാറിന്റെ അടിയിൽ തെറിച്ച് വീണ സലീമിന്റെ കരച്ചിൽ കേട്ട് ഓടി ക്കൂടിയ നാട്ടുകാരും മറ്റ് യാത്രക്കാരും ചേർന്ന് വണ്ടി പൊക്കിയാണ് സലിമിനെ പുറത്തെടുത്തത്.ഉടൻ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും തലക്ക് പരുക്കുള്ളതിനാൽ തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി.കാഞ്ഞാർ എസ്.ഐ പി.എം ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും മൂലമറ്റം ഫയർഫോഴ്സും സ്ഥലത്തെത്തി റോഡിലെ തടസം നീക്കി.കാറിന് സാരമായ കേട് സംഭവിച്ചു.