തൊടുപുഴ: ജില്ലയിലെ ഭൂ പ്രശ്‌ന്ങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്റെ നേതൃത്വത്തിൽ റവന്യു മന്ത്രി കെ രാജന് നിവേദനം നൽകി. മുൻ എൽഡിഎഫ് സർക്കാർ ജില്ലയിലെ ഭൂ പ്രശ്‌ന്ങ്ങൾ പരിഹരിക്കുന്നതിന് നിരവധി നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ ഇനിയും പരിഹരിക്കാത്ത നിരവധി ഭൂപ്രശ്‌നങ്ങൾ ജില്ലയിലുണ്ട്. ഇതിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നൽകിയിരിക്കുന്നത്.

1964ലെയും 1993ലെയും ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്ത് നിർമ്മാണ പ്രതിസന്ധി പരിഹരിക്കുക,കയ്യേറ്റ ഭൂമിയിലോ വ്യാജ പട്ടയ ഭൂമിയിലോ നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങൾ സർക്കാർ ഏറ്റെടുക്കുകയും കയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുക,ചിന്നക്കനാൽ,മൂന്നാർ,ദേവികുളം തുടങ്ങിയ പഞ്ചായത്തുകളിൽ കോളനികളിൽ താമസിക്കുന്നവരുടെ കൈവശ ഭൂമിക്ക് പട്ടയം നൽകുക,മൂന്നാറിലെ കച്ചവട സ്ഥാപനങ്ങൾക്ക് പട്ടയം നൽകുക,നീലക്കുറിഞ്ഞി മേഖലയിലെ അളന്ന് തിരിച്ച ഭൂമി കർഷകർക്ക് തിരികെ നൽകുവാൻ നടപടി സ്വീകരിക്കുക,കൃഷിക്കാർ വച്ചു പിടിപ്പിച്ച മരങ്ങൾ മുറിച്ചു മാറ്റുവാൻ അനുവാദം നൽകിയ തീരുമാനം നടപ്പിലാക്കുക,മൂന്നാർ മേഖലയെ കൃത്യമായി നിജപ്പെടുത്താൻ നടപടി സ്വീകരിക്കുക,ഉടുമ്പൻ ചോല താലൂക്കിലെ അർഹരായ കർഷകർക്ക് പട്ടയം നൽകുക,പത്തു ചെയിൻ പ്രദേശത്തെ മുഴുവൻ പേർക്കും പട്ടയം നൽകുക,മൂന്നാർ മേഖലയിലെ അനധികൃത കയ്യേറ്റങ്ങളും നിർമ്മാണങ്ങളും തടയാൻ നിയമ നിർമ്മാണം നടത്തുക,ശാന്തമ്പാറ,ചിന്നക്കനാൽ മേഖലകളിലെയും പട്ടയ പ്രശ്‌നങ്ങൾ പരിഹരിക്കുക തുടങ്ങിയ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിവേദനം നൽകിയിട്ടുള്ളത്.

വാഴൂർ സോമൻ എംഎൽഎ,ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി മുത്തുപാണ്ടി,സി യു ജോയി എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.