ഇടുക്കി: കൊവിഡ് നിയന്ത്രണങ്ങൾക്ക് ഇന്നലെ ചെറിയ ഇളവ് നൽകിയതോടെ ജില്ലയിൽ അനുഭവപ്പെട്ടത് വലിയ ജനത്തിരക്ക്. ആളുകൾ വീട് വിട്ട് കൂട്ടമായി വാഹനവുമായി എത്തിതോടെ ഒട്ടുമിക്ക ടൗണുകളും ഗതാഗത കുരുക്കിലമർന്നു.
ലോക്ക് ഡൗൺ തുടങ്ങിയ ശേഷം ഇത് ആദ്യമായാണ് ഇത്തരമൊരു തിരക്ക് അനുഭവപ്പെടുന്നത്. സാധാരണ പ്രവർത്തിക്കുന്ന പലചരക്ക്, പച്ചക്കറി, ഹോട്ടൽ, ബേക്കറി എന്നിവയ്ക്ക് പുറമെ ഇന്നലെ നിരവധി സ്ഥാപനങ്ങൾക്ക് ഇളവ് നൽകിയിരുന്നു. തുണിക്കടകൾ, ജ്വല്ലറികൾ, സ്റ്റേഷനറി, കണ്ണട, കേൾവി ഉപകരണം, സ്ത്രീ ശുചിത്വ വസ്തുക്കൾ, ചെരിപ്പ് എന്നിവ വിൽക്കുന്ന കടകൾ, ബുക്ക് സ്റ്റാൾ, ടി.വി, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ, മോട്ടോർ വാഹനങ്ങൾ എന്നിവയുടെ റിപ്പയറിംഗ് കടകൾ തുടങ്ങിയക്കാണ് ഇളവ് നൽകിയത്.
ഇതോടെ നൂറ് കണക്കിന് പേരാണ് സാധനങ്ങൾ വാങ്ങുന്നതിനായി ടൗണുകളിലേക്ക് എത്തിയത്. കൊവിഡ് മാനദണ്ഡങ്ങൾ ഇതോടെ പലയിടത്തും പാലിക്കാനുമായില്ല. തൊടുപുഴ നഗരത്തിൽ ഇന്നലെ രാവിലെ മുതൽ വലിയ വാഹന തിരക്കാണ് അനുഭവപ്പെട്ടത്. ഉച്ചയോടെ മിക്ക റോഡുകളും ഗതാഗത കുരുക്കിലായി. വൈകിട്ട് വരെ ഈ തിരക്ക് തുടർന്നു. സാധാരണയെന്ന പോലെ മറ്റ് സ്ഥാപനങ്ങൾ പ്രവർത്തിച്ചെങ്കിലും ഇവിടങ്ങളിൽ പതിവ് തിരക്ക് മാത്രമാണ് അനുഭവപ്പെട്ടതെന്ന് വ്യപാരികൾ പറഞ്ഞു. ചെറുതോണി, മറയൂർ, മൂലമറ്റം, വണ്ണപ്പുറം, ഉടുമ്പന്നൂർ, രാജാക്കാട്, മുരിക്കാശ്ശേരി, തോപ്രാംകുടി തുടങ്ങിയ ഇടത്തരം ടൗണുകളിലെല്ലാം നിരവധി പേരെത്തി.
പ്രധാന ടൗണുകളായ കട്ടപ്പന, തൊടുപുഴ, അടിമാലി, കുമളി, നെടുങ്കണ്ടം, മൂന്നാർ എന്നിവിടങ്ങളിലാണ് ഏറെ തിരക്ക് അനുഭവപ്പെട്ടത്. സമീപ പ്രദേശങ്ങൾക്ക് പുറമെ ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും ഇവിടേക്ക് ആളുകളെത്തി. പൊലീസ് പരിശോധന കുറച്ചതും തിരക്ക് കൂടാൻ കാരണമായി.