മുട്ടം: ആയുർവേദ ആശുപത്രിക്ക്‌ സമീപത്തുള്ള അപകടക്കെണിയിൽ വീണ് വാഹനാപകടങ്ങൾ പതിവാകുന്നു. ഓടയുടെ മുകളിലുള്ള സ്ലാബ് വട്ടം ഒടിഞ്ഞ് അപകടവസ്ഥയിലായിട്ട് ഒരു വർഷത്തിലേറെയായി. ഇത് സംബന്ധിച്ച് അധികൃതരെ വിവരം അറിയിച്ചെങ്കിലും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ജനം പറയുന്നു. നിത്യവും ചെറുതും വലുതുമായ അനേകം വാഹനങ്ങൾ കടന്ന് പോകുന്ന റോഡിനോട് ചേർന്നാണ് സ്ലാബ് ഒടിഞ്ഞത്. മറ്റ് വാഹനങ്ങൾക്ക് കടന്ന് പോകാൻ സൈഡ് കൊടുക്കുമ്പോഴും രാത്രി കാലങ്ങളിലുമാണ് കൂടുതൽ അപകടങ്ങളുണ്ടാകുന്നത്. ഇത് വഴിയുള്ള കാൽനട യാത്രക്കാരും ഓടയ്ക്ക് മുകളിലുള്ള കെണി അറിയാതെ ഗർത്തത്തിൽ വീണ് അപകടം സംഭവിച്ചിട്ടുണ്ട്.