ചെറുതോണി: കുളമാവ് വനത്തിലെ പ്രധാന കാട്ടുചോലയായ ചേരി വെള്ളച്ചാട്ടം ജല സമൃദ്ധമായി. സാധാരണ ജൂൺ മദ്ധ്യത്തോടെ മാത്രം ശക്തമാകുന്ന ചേരി വെള്ളച്ചാട്ടം ഇത്തവണ വേനൽമഴ തകർത്തു പെയ്തതോടെ കൂടുതൽ മനോഹരമായിരിക്കുകയാണ്. തൊടുപുഴ- പുളിയൻമല സംസ്ഥാന പാതയിലൂടെ യാത്ര ചെയ്യുമ്പോൾ പാതയോരത്തുള്ള ഏക വെള്ളച്ചാട്ടമാണ് ചേരി വെള്ളച്ചാട്ടം. ദീർഘദൂരം യാത്ര ചെയ്ത് ഇവിടെയെത്തുമ്പോൾ കുളിക്കാനും ഭക്ഷണം കഴിക്കാനും വിശ്രമിക്കാനുമെല്ലാം ചേരി ജലപാത സംസ്ഥാന പാതയിലെ യാത്രക്കാർ ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് തന്നെ മലമുകളിൽ നിന്നും റോഡ് വക്കിലേക്ക് ഒഴുകിയെത്തുന്ന ഈ കാട്ടുചോല ഏവർക്കും പ്രയോജനകരമാണ്. ജൂൺ മധ്യത്തോടെയാണ് സാധാരണ ചേരി വെള്ളച്ചാട്ടം കൂടുതൽ ശക്തമാകുന്നത്. എന്നാൽ ഇത്തവണ വേനൽ മഴ തുടർച്ചയായി പെയ്തതും ന്യൂനമർദ്ദം മൂലമുണ്ടായ കലാവസ്ഥാ മാറ്റവും വെള്ളച്ചാട്ടം കൂടുതൽ ജലസമൃദ്ധമാക്കി. മനുഷ്യനിർമ്മിതമായ മാലിന്യങ്ങൾ ഒന്നുമില്ലാതെ വനാന്തരത്തിൽ നിന്ന് ഒഴുകിവരുന്ന തെളിനീരാണ് ചേരി വെള്ളച്ചാട്ടത്തിന്റെ പ്രത്യേകത. പടിഞ്ഞാറ് ദിശയിലേക്ക് ഒഴുകുന്ന ഈ കാട്ടരുവി റോഡ് വക്കിലൂടെ കനാൽ നിർമ്മിച്ച് ഇടുക്കി ജലാശയത്തിലേക്ക് തിരികെ ഒഴുകിയെത്തുന്ന തരത്തിൽ വൈദ്യുതി വകുപ്പ് നടത്തിയ നിർമാണ പ്രവർത്തനങ്ങൾ ഏറെ വിജയകരമായി. ഇതുമൂലം മഴക്കാലത്ത് ലഭിക്കുന്ന ജലം ഇടുക്കി ഡാമിലേക്ക് എത്തിച്ച് ശേഖരിക്കാനായത് ചേരി പദ്ധതിയുടെ മറ്റൊരു നേട്ടമാണ്. ദീർഘവീക്ഷണത്തോടെയുള്ള ഇത്തരം പദ്ധതികൾ ഉണ്ടായാൽ പാഴാകുന്ന പല ജലപാതങ്ങളും അരുവികളും നാടിനുതന്നെ മുതൽകൂട്ടാക്കാനാവും.