തൊടുപുഴ: സംസ്ഥാന ടൂറിസം വകുപ്പിന്റെ തീർത്ഥാടന കേന്ദ്രങ്ങളെയും വിനോദസഞ്ചാര കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന ടൂറിസം മാപ്പിൽ തൊടുപുഴയെ ഉൾപ്പെടുത്തണമെന്ന് കേരള കോൺഗ്രസ് (എം) തൊടുപുഴ നിയോജകമണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. തൊടുപുഴ നിയോജകമണ്ഡലത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ഹെറിറ്റേജ് പിൽഗ്രീം പ്രോജക്ട് നടപ്പിൽ വരുത്തണം. വിനോദസഞ്ചാര കേന്ദ്രങ്ങളായ തൊമ്മൻകുത്ത്, ആനയാടികുത്ത്, ഞണ്ടിറുക്കി, മീനുളിയാൻ പാറ വെള്ളച്ചാട്ടങ്ങൾ, മലങ്കര, കുടയത്തൂർ, പെരുംകുഴിപ്പ് വാലി, കാഞ്ഞാർ എന്നിവിടങ്ങളിൽ ദൃശ്യ ഭംഗിയാർന്ന ഡാം സൈഡ് ലൊക്കേഷനുകൾ, മലങ്കര ഡാമിലെ ചെറുദ്വീപുകൾ, സമീപപ്രദേശങ്ങളായ ഇലവീഴാപൂഞ്ചിറ, തുമ്പച്ചി തീർത്ഥാടന കേന്ദ്രം, പുരാതനമായ ഉറവപ്പാറ സുബ്രഹ്മണ്യ ക്ഷേത്രം, തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, നെടിയശാല, നാഗപ്പുഴ എന്നിവിടങ്ങളിലെ സെന്റ് മേരീസ് ദേവാലയങ്ങൾ, കലയന്താനി കൊന്താലപള്ളി മഖ്ബറ, പ്രസിദ്ധമായ മുതലക്കോടം സെൻറ് ജോർജ് തീർത്ഥാടന കേന്ദ്രം, പൗരാണികമായ ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഇവയെല്ലാം കോർത്തിണക്കി ടൂറിസം സർക്യൂട്ട് രൂപപ്പെടുത്തണം. ഇതുവഴി മേഖലയുടെ വലിയ വികസനത്തിനും പൗരാണികമായ ആരാധനാലയങ്ങളിൽ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യം ലഭ്യമാക്കാൻ സർക്കാരിന് ഇടപെടൽ നടത്താനും കഴിയും. വിനോദസഞ്ചാരികളെയും തീർഥാടകരെയും കൂടുതൽ തൊടുപുഴയിലേക്ക് ആകർഷിച്ച് ഈ മേഖലയിലെ ഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും കഴിയും. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഇടപെടൽ സാധ്യമാക്കിയാൽ വിനോദ സഞ്ചാരികൾക്ക് സുരക്ഷയും സർക്കാരിന് സാമ്പത്തിക ലാഭവും കൂടുതൽ തൊഴിലവസരങ്ങളും ലഭ്യമാകും. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ലഭിക്കുന്ന ഫണ്ടുകൾ കാര്യക്ഷമമായി ഉപയോഗിച്ച് ഈ മേഖലയിലെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാനും കഴിയും. ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനും ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിനും കേരള കോൺഗ്രസ് (എം) നിവേദനം നൽകും. യോഗത്തിൽ പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. കെ.ഐ. ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട് ജയകൃഷ്ണൻ പുതിയേടത്ത്, ജോസ് കവിയിൽ, മാത്യു വാരികാട്ട്, ബെന്നി പ്ലാക്കൂട്ടം, അഡ്വ: ബിനു തോട്ടുങ്കൽ, അപ്പച്ചൻ ഓലിക്കരോട്ട് എന്നിവർ സംസാരിച്ചു