മൂന്നാർ: ഈ അദ്ധ്യയന വർഷത്തിൽ സാധാരണ രീതിയിൽ ക്ലാസുകൾ ആരംഭിച്ച ഏക വിദ്യാലയം കേരത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലേതാണ്. അദ്ധ്യയനം സാധാരണ രീതിയിൽ ആരംഭിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തപ്പോൾ ചിത്രകാരനും അദ്ധ്യാപകനുമായ ബാലകൃഷ്ണൻ കതിരൂരിന്റെ നേതൃത്വത്തിൽ പ്രദീപ് കുമാർ, പ്രമോദ് എന്നീ രണ്ട് അദ്ധ്യാപകരുടെ സഹായത്തോടെ വിദ്യാലയത്തിന്റെ മുഖച്ഛായ തന്നെ മാറ്റി. പൊതുപ്രവർത്തകനായ രതീഷ് ചങ്ങാലിമറ്റത്തിന്റെയും ഡീൻ കുര്യാക്കോസ് എം.പിയുടെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമിന്റെയും സഹായത്തോടെ മൂന്ന് ദിവസത്തെ കഠിനമായ പരിശ്രമത്തിലൂടെയാണ് സ്കൂൾ ശിശു സൗഹൃദമാക്കി മാറ്റിയത്. ബാലകൃഷ്ണൻ മാസ്റ്ററുടെ വിരൽത്തുമ്പുകൾ വിദ്യാലയത്തിന്റെ ചുവരുകളും വർണ്ണാഭമാക്കിയപ്പോൾ അത്ഭുതത്തോടെയാണ് കുട്ടികൾ നോക്കിയിരുന്നത്. അവസാന ദിവസം കുട്ടികൾക്കായി ബാലകൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ ചിത്രകലാ പരിശീലനവും നടത്തി. ജീവിതത്തിലാദ്യമായി പെയിന്റിംഗ് ബ്രഷും വർണങ്ങളും നേരിട്ടറിയാൻ കുരുന്നുകൾക്ക് അവസരമൊരുക്കി. അംബരചുമ്പികളായ കെട്ടിടമോ ട്രെയിനോ കടലോ ഒന്നും നേരിട്ട് കണ്ടിട്ടില്ലാത്തവരാണ് ഇടമലക്കുടിയിലെ ഭൂരിഭാഗം കുട്ടികളും.
വിദ്യാലയം ആകർഷകമാക്കിയ കലാകാരൻമാരെ പി.ടി.എ കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രാജൻ ബാലക്യഷ്ണൻ മാസ്റ്ററിന് പൊന്നാട ചാർത്തി. പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശിവമണി, സ്‌കൂൾ അദ്ധ്യാപകരായ വി. സുധീഷ്, ഡി.ആർ. ഷിംലാൽ, ചന്ദ്രവർണ്ണൻ വ്യാസ്, പി.ടി.എ പ്രിസിഡന്റ് മോഹൻ ആണ്ടവൻക്കുടി, പി.ടി.എ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രതീഷ് ചങ്ങാലിമറ്റം, സുമി എ.എസ് എന്നിവർ നേതൃത്വം നൽകി. വേണ്ടത്ര സൗകര്യങ്ങളുള്ള പുതിയ സ്‌കൂൾ കെട്ടിടം എം.പി.യുടെ അഭ്യർത്ഥന മാനിച്ച് കൊച്ചിൻ ഷിപ്യാർഡ് തങ്ങളുടെ സി.എസ്.ആർ ഫണ്ടുപയോഗിച്ച് നിർമ്മിക്കാനുള്ള നടപടികൾ ആരംഭിച്ച് വരുകയാണ്. എം.പിയും ഷിപ്യാർഡ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം കഴിഞ്ഞ മാസം സ്‌കൂൾ സന്ദർശിച്ചിരുന്നു.
ആദിവാസി മുതുവാൻ വിഭാഗക്കാരായ വിദ്യാർത്ഥികൾ മാത്രമാണ് ഇവിടെ പഠിക്കുന്നത്. വിദ്യാലയ വികസനവുമായി ബന്ധപ്പെട്ട് സ്ഥലം സന്ദർശിക്കുന്നതിനിടയിലാണ് ഡീൻ കുര്യാക്കോസ് എം.പിയുടെ മനസിൽ വിദ്യാലയം ആകർഷകമാക്കി ശിശു സൗഹൃദമാക്കണം എന്ന ആശയം ഉദിക്കുന്നത്.
പുതിയതായി 17 വിദ്യാർത്ഥികൾ
പുതിയ അദ്ധ്യയന വർഷത്തിൽ 17 വിദ്യാർത്ഥികൾ ഒന്നാം ക്ലാസിൽ പ്രവേശനം നേടി. മൊത്തം 116 വിദ്യാർത്ഥികൾ ഇവിടെ പഠക്കുന്നുണ്ട്.