തൊടുപുഴ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയനിലെ മുഴുവൻ കുട്ടികളെയും ഗുരുദർശനം പഠിപ്പിച്ച് മൂല്യബോധമുള്ള പൗരന്മാരാക്കുക എന്ന ഉദ്ദേശത്തോടെ ഇന്ന് മുതൽ രവിവാര പാഠശാല ഓൺലൈനായി ആരംഭിക്കും.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ ഗൂഗിൾ മീറ്റ് വഴി ഉദ്ഘാടനം ചെയ്യും. യൂണിയൻ കൺവീനർ വി. ജയേഷ് അദ്ധ്യക്ഷനാകുന്ന യോഗത്തിൽ എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ അനുഗ്രഹ പ്രഭാഷണം നടത്തും. യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഗുരു ധർമ്മ പ്രചാരകനായ ബിജു പുളിക്കലേടത്തിന്റെ അദ്ധ്യാത്മിക പ്രഭാഷണം ഉണ്ടാകും. യൂണിയൻ കമ്മിറ്റിയംഗങ്ങളായ സി.പി. സുദർശനൻ, ഷാജി കല്ലാറയിൽ, വൈക്കം ബെന്നി ശാന്തി, യൂണിയൻ രവിവാര പാഠശാല കമ്മിറ്റിയംഗങ്ങൾ, പോഷക സംഘടനാ ഭാരവാഹികൾ, ശാഖാ ഭാരവാഹികൾ എന്നിവർ ആശംസകളർപ്പിക്കും. എല്ലാ ശാഖ ഭാരവാഹികളും തങ്ങളുടെ ശാഖയിൽ നിന്ന് മുഴുവൻ കുട്ടികളെയും ഈ പരിപാടിയിൽ പങ്കെടുപ്പിക്കണമെന്ന് യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ,​യൂണിയൻ കൺവീനർ വി. ജയേഷ് എന്നിവർ അറിയിച്ചു.