ഇടുക്കി: ലോക രക്തദാതാ ദിനമായ 14 വിവിധ പരിപാടികളോടെ ജില്ലയിൽ ആചരിക്കും. 'രക്തം ദാനം ചെയ്യൂ, ലോകത്തിന്റെ സ്പന്ദനം നിലനിർത്തൂ' എന്നതാണ് ഇത്തവണത്തെ ദിന സന്ദേശം. രക്തദാനം പ്രോത്സാഹിപ്പിക്കുക, രക്തദാതാക്കളെയും സംഘടനകളെയും ആദരിക്കുക, രക്തദാതാക്കൾക്കുള്ള ഗുണങ്ങളെക്കുറിച്ച് ബോധവത്കരിക്കുക തുടങ്ങിയവയാണ് ദിനാചരണ പരിപാടികൾ. 14ന് രാവിലെ 11ന് ഇടുക്കി മെഡിക്കൽ കോളജിൽ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് നിർവഹിക്കും. ജില്ലാ കളക്ടർ എച്ച്. ദിനേശൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കൽ ആഫീസർ ഡോ. എൻ. പ്രിയ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് രക്ത ദാന ക്യാമ്പ്, രക്തദാതാക്കളെ ആദരിക്കൽ എന്നിവ നടത്തും. 14ന് രാവിലെ ഒമ്പതിന് തൊടുപുഴ ഐ.എം.എ ബ്ലഡ് ബാങ്ക് ഹാളിൽ നടക്കുന്ന രക്തദാന ക്യാമ്പും ദാതാക്കളെ ആദരിക്കൽ ചടങ്ങും തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്യും. കൊവിഡ് പ്രോട്ടോക്കോൾ പൂർണമായും പാലിച്ചുകൊണ്ടാണ് പരിപാടികൾ നടക്കുക.