ഇടുക്കി: കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ജില്ലയിൽ ജീവൻ പൊലിഞ്ഞത് 26 ആദിവാസികളുടെ. ഇന്നലെ വൈകിട്ട് വരെയുള്ള കണക്കുപ്രകാരം ആകെ 2074 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്, ഇതിൽ 26 പേർ മരിച്ചു. 721 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇത് കൂടാതെ 1001 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ഒന്നാം തരംഗത്തിൽ ഇവർക്കിടയിൽ പത്തിൽ താഴെ ആളുകൾ മാത്രമായിരുന്നു രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഇത്തവണ ആദിവാസി സമൂഹത്തിനിടയിൽ കൊവിഡ് രോഗികളുടെയും മരണത്തിന്റെയും എണ്ണം കുതിച്ചുയരുകയായിരുന്നു. ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത് അടിമാലിയിലാണ്- 641. തൊട്ട് പിന്നിൽ പൂമാലയാണ്- 568 പേർ. ഇടുക്കി, കട്ടപ്പന മേഖലകളിൽ ഇരുന്നൂറിലധികം പേർക്ക് വീതവും രോഗം വന്നു. പൂമാല മേഖലയിലാണ് ഏറ്റവും കൂടുതൽ മരണം. ഇവിടെ മാത്രം 12 പേർ മരിച്ചു. അടിമാലി, ഇടുക്കി നാല് വീതവും കട്ടപ്പന, പീരുമേട് മൂന്ന് വീതവും മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മറയൂർ, മൂന്നാർ മേഖലകളിൽ മരണം റിപ്പോർട്ട് ചെയ്യാത്തത് വലിയ ആശ്വാസമാകുകയാണ്.
ജില്ലയിൽ 60581 ആദിവാസികൾ
2011ലെ സെൻസസ് പ്രകാരം 60581 ആണ് ഇടുക്കിയിലെ ആകെ ആദിവാസി ജനസംഖ്യ. ഇതിൽ 293 ആദിവാസി കുടകളിലായി മന്നാൻ, മുതുവാൻ, ഊരാളി, മലപ്പുലയ, ഉള്ളാട വിഭാഗങ്ങളിൽപ്പെട്ടവർ താമസിക്കുന്നു. വനവാസികളുടെ ഒരുമിച്ചുള്ള ജീവിത ശൈലിയും രോഗം പകരാൻ കാരണമാകുന്നതായി ആരോഗ്യ പ്രവർത്തകർ പറയുന്നു.
വാക്സിനെടുത്തവർ
9783 പേർ ഇതുവരെ ഫസ്റ്റ് ഡോസെടുത്തു. 749 പേർ രണ്ട് ഡോസുമെടുത്തു