തൊടുപുഴ: നഗരത്തിലെ വിവിധ മേഖലകളിൽ വഴി വിളക്കുകൾ പകൽ സമയത്ത് പ്രകാശിക്കുന്നതായി ആക്ഷേപം. ഇത് സംബന്ധിച്ച് വിവിധ വാർഡ് കൗൺസിലർമാരെയും തൊടുപുഴ കെ.എസ്.ഇ.ബി ആഫീസിലും പ്രദേശവാസികൾ നിരവധി തവണ വിവരം അറിയിച്ചെങ്കിലും പരിഹാരമുണ്ടായില്ല. കഴിഞ്ഞ ഒരു മാസമായിട്ട് ഈ അവസ്ഥയാണ് തുടരുന്നത്. എന്നാൽ ചില വാർഡുകളിൽ വഴിവിളക്കുകൾ ഏറെ നാളായി പ്രകാശിക്കുന്നുമില്ല. കേടായത് മാറ്റി സ്ഥാപിക്കാനും തയ്യാറാകുന്നില്ല. വിവിധ വാർഡുകളിലുള്ള വഴി വിളക്കുകളുടെ വൈദ്യുതി ബില്ല് ഇനത്തിൽ തൊടുപുഴ നഗരസഭ ഭീമമായ തുകയാണ് കെ.എസ്.ഇ.ബിയിൽ വർഷങ്ങളായി അടക്കുന്നത്. ഇത് സംബന്ധിച്ച് മുൻ ഭരണ സമിതിയുടെ കൗൺസിൽ യോഗങ്ങളിൽ അംഗങ്ങൾ തമ്മിൽ വാക്കേറ്റങ്ങളും നടന്നിട്ടുണ്ട്.