തൊടുപുഴ: വൈദ്യുതി കമ്പിയിൽ കാൽ കുടുങ്ങിയ പ്രാവിനെ ഫയർഫോഴ്‌സ് രക്ഷിച്ചു. ഇന്നലെ രാവിലെ ഏഴോടെ തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. കാലിൽ കുരുക്കു മുറുകിയ പ്രാവിനെ ഫയർ ഹുക്ക് ഉപയോഗിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതിനാൽ കെ.എസ്.ഇ..ബി അധികൃതരെ വിളിച്ചുവരുത്തി ലൈൻ ഓഫ് ചെയ്തശേഷം പോസ്റ്റിൽ കയറി പ്രാവിനെ ഇലക്ട്രിക് ലൈനിൽ നിന്ന് വേർപെടുത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഫയർ ആഫീസർ ബിൽസ് ജോർജാണ് പോസ്റ്റിൽ കയറി പ്രാവിനെ കമ്പിയിൽ നിന്ന് വേർപെടുത്തിയത്. ഒരു കാലൊടിഞ്ഞ പ്രാവിനെ സംരക്ഷിക്കാനായി സമീപത്തെ താമസക്കാരന് കൈമാറി. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ആഫീസർ കെ.എ. ജാഫർ ഖാൻ, ഫയർ ആഫീസർമാരായ വി. മനോജ് കുമാർ, എ. മുബാറക്ക്, സ്റ്റോജൻ ബേബി, രഞ്ജി കൃഷ്ണൻ, ഹോംഗാർഡ് മാത്യു ജോസഫ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.