തൊടുപുഴ: തൊഴുത്തിൽ വീണപ്പോൾ അബദ്ധത്തിൽ കറവ പശുവിന്റെ വയറ്റിൽ തുളച്ചു കയറിയ ഇരുമ്പു പൈപ്പ് ഫയർഫോഴ്‌സ് മുറിച്ചു മാറ്റി. മടക്കത്താനം പള്ളിക്കാമഠത്തിൽ പി.എൻ. രാജുവിന്റെ നാലു വയസ് പ്രായമുള്ള പശുവിന്റെ വയറിനുള്ളിലാണ് രണ്ടിഞ്ചു വണ്ണവും രണ്ടടിയോളം നീളവുമുള്ള ഇരുമ്പുപൈപ്പ് തുളച്ചു കയറിയത്. തൊഴുത്തിൽ നിൽക്കുന്നതിനിടയിൽ കാൽ വഴുതിയതിനെ തുടർന്ന് ഇവിടെ സ്ഥാപിച്ചിരുന്ന പൈപ്പ് തുളച്ചുകയറുകയായിരുന്നു. തൊടുപുഴയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചാണ് പൈപ്പ് മുറിച്ചു മാറ്റിയത്. തുടർന്ന് വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ ആഴത്തിലുള്ള മുറിവ് തുന്നിക്കെട്ടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പശുവിന്റെ നില ഗുരുതരമായി തുടരുകയാണ്. രണ്ടു മാസം മുമ്പ് പ്രസവിച്ച പശു രാജുവിന്റെ പ്രധാന വരുമാന മാർഗമായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ആഫീസർ കെ.എ. ജാഫർ ഖാൻ, ഫയർ ആഫീസർമാരായ ബിൽസ് ജോർജ്, വി. മനോജ് കുമാർ, എ. മുബാറക്ക്,​ വി.കെ മനു എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.