തൊടുപുഴ: ജില്ലയിൽ അനധികൃത മരം മുറി നടന്ന പ്രദേശങ്ങൾ ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കും. നാളെ രാവിലെ സംഘം ജില്ലയിലെത്തുമെന്ന് ജില്ലാ പ്രസിഡന്റ് കെ.എസ്. അജി അറിയിച്ചു. സർക്കാർ ഇറക്കിയ മരംമുറിക്കാനുള്ള ഉത്തരവിന്റെ മറവിൽ സംസ്ഥാന ചരിത്രത്തിലെതന്നെ വലിയ പരിസ്ഥിതി ചൂഷണമാണ് നടന്നത്. കർഷകനെ സഹായിക്കാനെന്ന പേരിൽ ഇറക്കിയ ഉത്തരവു മൂലം കർഷകരും വനവാസികളും കബളിപ്പിക്കപ്പെട്ടിരിക്കുകയാണെന്ന് കെ.എസ്. അജി പറഞ്ഞു. കർഷകരെ സഹായിക്കാനല്ല മറിച്ച് മരം മാഫിയയെ സഹായിക്കാനാണ് ഒന്നാം പിണറായി സർക്കാർ ശ്രമിച്ചത്. ജില്ലയിലെ പല വില്ലേജുകളിലും പശ്ചിമഘട്ടത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയാവുന്ന വനം കൊള്ളയാണ് നടന്നത്. ആമസോൺ കാടുകൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവരുടെ സർക്കാരാണ് പശ്ചിമഘട്ടം വെട്ടിവെളുപ്പിക്കാൻ കൂട്ടുനിൽക്കുന്നത്. ഏതെങ്കിലും ഉദ്യോഗസ്ഥന് തനിച്ച് അത്തരമൊരു ഉത്തരവ് ഇറക്കാൻ കഴിയില്ല. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിലെ വനം- റവന്യൂ മന്ത്രിമാർക്ക് ഈ സംഭവത്തിൽ നിന്ന് ഒഴിഞ്ഞ് മാറാനാകില്ല. വനംമന്ത്രി പ്രതികളുമായി നടത്തിയ കൂടിക്കാഴ്ച ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. മുഖ്യമന്ത്രിക്ക് പ്രതികളുമായുള്ള സമ്പർക്കം ദുരൂഹത വർദ്ധിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.