തൊടുപുഴ: ആദിവാസി മേഖലയിലെ കുട്ടികളെ ഓൺലൈൻ പഠനത്തിലേക്ക് ആകർഷിക്കുന്നതിനും അവരുടെ വിദ്യാഭ്യാസ പുരോഗതി ഉറപ്പുവരുത്തുന്നതിനുമായി 'ഒന്നാണ് നമ്മൾ പദ്ധതി'ക്ക് ഇടുക്കിയിൽ തുടക്കമാകുന്നു. ഒരുകുട്ടിക്ക്‌ പോലും പഠനം നഷ്ടമാകരുത് എന്ന ലക്ഷ്യത്തിൽ സമഗ്ര ശിക്ഷാ കേരളത്തിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ആദിവാസിമേഖലകളിൽ നെറ്റ്‌വർക്ക് തകരാറും ഓൺലൈൻ പഠന സാമഗ്രികളുടെ അഭാവവും കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഇവിടങ്ങളിൽ സെന്ററുകൾ ഒരുക്കി ഓൺലൈൻ വിദ്യാഭ്യാസം നൽകാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കുട്ടികളെ ക്ലാസുകളിലേക്ക് ആകർഷിക്കുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. കൊവിഡിന് മുമ്പും ആദിവാസിമേഖലകളിലെ സ്‌കൂളുകളിൽ നിന്ന് കുട്ടികൾ കൊഴിഞ്ഞ്‌ പോകുന്ന സാഹചര്യമുണ്ടായിരുന്നു. ഇപ്പോൾ പഠനം ഓൺലൈൻ പ്ലാറ്റ്‌ഫോമിലേക്ക് നീങ്ങിയതോടെ കണക്കുകളും ശേഖരിക്കാൻ കഴിയുന്നില്ല.

പദ്ധതിയുടെ പ്രത്യേകതകൾ
 ഇടുക്കിയിൽ 2500 കുട്ടികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും

 പല ഊരുകളിലെയും കുട്ടികളെ ഒരുമിച്ചിരുത്തി തനത് കലകൾ, കഥകൾ, പാട്ടുകൾ, നാടകം, സാഹിത്യം, സാങ്കേതിക വിദ്യ എന്നിവ ഉൾപ്പെടുത്തിയ പരിപാടികൾ സംഘടിപ്പിക്കും

 കുട്ടികൾക്ക് വിദഗ്ദ്ധരുമായി ആശയവിനിമയം ഒരുക്കും

 ആദിവാസി ഗോത്ര സമൂഹം അധിവസിക്കുന്നിടത്തും അന്തർ സംസ്ഥാന തൊഴിലാളികൾ അധിവസിക്കുന്നിടത്തുമാണ് നടപ്പാക്കുക

 ഒന്നു മുതൽ നാല് വരെ ക്ലാസുകളിലെ കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് മണിക്കൂറാണ് ക്ലാസ്

 സ്‌കൂൾ പശ്ചാത്തലം എന്തെന്ന് മനസിലാക്കി കൊടുക്കുന്ന രീതിയിലാണ് ക്ലാസുകൾ സജ്ജീകരിക്കുക.

'പദ്ധതിയിലൂടെ കുട്ടികളെ പരമാവധി ക്ലാസുകളിലേക്ക് ആകർഷിക്കാനും കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കുകയുമാണ് ലക്ഷ്യം"

- ഡി. ബിന്ദുമോൾ (സമഗ്ര ശിക്ഷകേരളം ജില്ലാ പ്രൊജക്ട്‌ കോ- ഓർഡിനേറ്റർ )​