തൊടുപുഴ: നെൽകൃഷി സംരക്ഷിക്കാനും പ്രാധാന്യം സമൂഹത്തെ അറിയിക്കാനുമായി തൊടുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹ്യ സേവന സംഘടനയായ ഫ്യൂജിഗംഗയുടെ നേതൃത്വത്തിൽ ഒരു സംഘം നെൽപാടത്തേയ്ക്കിറങ്ങി. പുറപ്പുഴ ഗ്രാമപഞ്ചായത്തിലെ നേടിയശാലയ്ക്കു സമീപമുള്ള ചെള്ളള്ള് പാടശേഖരത്താണ് നെൽക്കൃഷി ആരംഭിച്ചത്. രണ്ടേക്കറോളം പാടശേഖരം മൂന്ന് കർഷകരിൽ നിന്ന് കൃഷിക്കായി ഏറ്റെടുത്താണ് നെൽകൃഷി ചെയ്യുന്നത്. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തുള്ളവർ, കർഷകർ, ഉദ്യോഗസ്ഥർ, ബിസിനസുകാർ, മാദ്ധ്യമ പ്രവർത്തകർ, കായിക താരങ്ങൾ തുടങ്ങി എല്ലാ മേഖലകളിലുമുള്ളവരെയാണ് നെൽകൃഷിയ്ക്കായി ഫ്യൂജി ഗംഗ ഒരുമിപ്പിച്ചിരിക്കുന്നത്. കൃഷി പണികൾ ഫ്യൂജിഗംഗ പ്രവർത്തകർ തന്നെയാണ് ചെയ്യുന്നത്. നെൽവയൽ ഒരുക്കൽ ജോലികൾ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. നെൽപാടം നികത്തി കെട്ടിടം നിർമ്മിക്കാൻ ശ്രമിക്കുന്ന ഈ കാലത്ത് ഫ്യൂജിഗംഗയുടെ ഈ പരിശ്രമം പ്രതീക്ഷ നൽകുന്നതാണന്നും മണ്ണിനെയും കൃഷിയെയും സ്‌നേഹിച്ചാൽ നാടിനു ഐശ്വര്യവും മനസിന് സന്തോഷവും പകരുമെന്നും അദ്ദേഹം പറഞ്ഞു. ഫ്യൂജി ഗംഗ പ്രസിഡന്റ് എം.ഡി. ദിലീപ് അദ്ധ്യക്ഷത വഹിച്ചു. നെൽകൃഷിയുടെ മുഖ്യ കോ- ഓർഡിനേറ്ററും ഫ്യൂജിഗംഗ സെക്രട്ടറി എക്‌സൈസ് സി.ഐ സി.കെ. സുനിൽ രാജ്, സന്തോഷ് അറയ്ക്കൽ, പ്രിൻസ് ജോസഫ് എന്നിവർ പ്രസംഗിച്ചു. ഫുട്‌ബോൾ താരം പി.എ. സലിംകുട്ടി, അഡ്വ. എസ്. സത്യൻ, ഏഞ്ചൽ അടിമാലി, വി.എസ്.എം. നസീർ, കെ.എൻ. രഘു, സാബു നെയ്യശേരി, സി.ബി. ഹരികൃഷ്ണൻ, സുരേഷ് സി.പി, മോഹനൻ, വിനോദ് കെ.ആർ, പി.എൻ. രഘുനാഥ്, എൻ.പി. രമേശ് കുമാർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.