തൊടുപുഴ: ബാർബർ ഷോപ്പിലെ കത്തിയും കത്രികയും കത്രിക പൂട്ടിലായിട്ട് മാസം ഒന്ന് കഴിയുമ്പോൾ 'കേശഭാരമിറക്കാൻ" മാർഗമില്ലാതെ യുവാക്കൾ നട്ടം തിരിയുന്നു.സർക്കാരിന്റെ നിർദേശങ്ങൾ മറികടന്ന് സഹായം ചെയ്യാൻ തയ്യാറല്ലെന്ന് നിലപാടിൽ ബാർബന്മാരിൽ ഭൂരിഭാഗവും തുടരുന്നത് പലരെയും 'സൗന്ദര്യപിണക്കത്തിലാക്കി." സ്വയം വെട്ടി സാഹസികത കാണിച്ചാൽ അബദ്ധമാകുമോ എന്ന ഭയത്താൽ പലരും പരീക്ഷണത്തിന് മുതിർന്നിട്ടില്ല. ആദ്യ ലോക്ക് ഡൗൺ കാലയളവിൽ വീടുകളിൽ പോയി മുടി വെട്ടുന്നതിന് ബാർബർമാർക്ക് സർക്കാർ അനുമതി നൽകിയിരുന്നു. ഇത്തവണയതുമില്ല. അത്യാവശ്യ സാഹചര്യം പരിഗണിച്ച് ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും മാനദണ്ഡങ്ങളോടെ ബാർബർ ഷോപ്പ് പ്രവർത്തിപ്പിക്കാൻ അനുമതി നൽകണമെന്നാണ് ബാർബർമാരുടെയും ഉപഭോക്താക്കളുടെയും ആവശ്യം.ഭൂരിഭാഗം പേരും വാടക കെട്ടിടത്തിലാണ് കട നടത്തുന്നത്. ഇവയുടെ വാടകയും വൈദ്യുതി നിരക്കുമടക്കം അടയ്ക്കാനാകാതെ വലിയ പ്രതിസന്ധിയിലാണ്. ഷോപ്പിലേക്കുള്ള ആധുനിക ഉപകരണങ്ങൾ വാങ്ങുന്നതിനടക്കം വായ്പ എടുത്തവർക്ക് തിരിച്ചടവിനുള്ള മാർഗവും അടഞ്ഞു.
മുടക്ക് കൂടി
കൊവിഡ് വന്നതോടെ ഒരു ഉപഭോക്താവിന് വേണ്ടി 20 മുതൽ 30 രൂപ വരെ അധികമായി ചെലവഴിക്കേണ്ടി വരുന്നതായി ബാർബർമാർ പറയുന്നു. ഓരോ ഉപഭോക്താവിന് വേണ്ടിയും ഉപയോഗിക്കുന്ന ഡിസ്‌പോസിബിൾ ബ്ലേഡ്, തുണി, പേപ്പർ ഷീറ്റ്, അണുനാശിനി എന്നിവയ്ക്ക് വേണ്ടിയാണ് കൂടുതൽ പണം ചെലവാകുന്നത്. അതേ സമയം കൂലി നിരക്ക് കൂട്ടാനും സാധിക്കില്ല.
അരങ്ങത്തെത്താനാകാതെ സ്ത്രീകളും
ബാർബർ ഷോപ്പുകൾക്കൊപ്പം വനിതാ ബ്യൂട്ടി പാർലറുകൾക്കും പൂട്ടു വീണതിനാൽ ഇവിടങ്ങളിലെ നിത്യസന്ദർശകരായ സ്ത്രീകളും പുറത്തിറങ്ങാനാകാത്ത സ്ഥിതിയിലാണ്. ബ്യൂട്ടീഷ്യൻമാരുടെ ജീവിതം അതിനേക്കാൾ കഷ്ടത്തിലും. കല്യാണ വർക്കുകളാണ് ബ്യൂട്ടീഷ്യൻമാരുടെ പ്രധാന വരുമാന മാർഗം. എന്നാൽ കല്യാണങ്ങളുടെ എണ്ണം കുറഞ്ഞതും വീട്ടുകാർ ചെലവ് ചുരുക്കിയതും ഇവരുടെ വരുമാനത്തിൽ വിള്ളൽ വീഴ്ത്തി. ഒരുമാസത്തോളമായി സ്ഥാപനങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ മേക്കപ്പ് സാധനങ്ങളിലെല്ലാം പൂപ്പൽ പിടിച്ചിട്ടുണ്ടാവും. കട്ടപിടിക്കുന്നതാണ് ക്രീമുകളിൽ പലതും.
കല്യാണത്തിന് മാത്രം ഇളവ്
വധൂ- വരന്മാർക്ക് വിവാഹത്തിന് വേണ്ടി മുടിവെട്ടും ഫേഷ്യലും മേക്കപ്പും ചെയ്യാൻ ബ്യൂട്ടീഷ്യന്മാർക്ക് അനുമതിയുണ്ട്. അവരവരുടെ വീടുകളിലെത്തിയാണ് മേക്കപ്പ് ചെയ്യുന്നത്. മേക്കപ്പ് സാമഗ്രികൾ പലർക്ക് വേണ്ടി ഉപയോഗിക്കുന്നത് സുരക്ഷയ്ക്ക് വെല്ലുവിളിയായതിനാൽ ഓരോരുത്തർക്ക് വേണ്ടി പ്രത്യേകം സാധനങ്ങൾ ക്രമീകരിച്ചാണ് പലരും ഒരുക്കുന്നത്. വിവാഹങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞതും ബ്യൂട്ടീഷ്യന്മാരുടെ പ്രതിസന്ധി വർദ്ധിപ്പിക്കുന്നു.