തൊടുപുഴ: ജില്ലയിൽ കാലവർഷം വീണ്ടും കനക്കുന്നു. ഇന്നലെ രാവിലെ ഏഴ് മണി വരെയുള്ള 24 മണിക്കൂറിൽ ജില്ലയിൽ 31.62 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ഇതിൽ ഇടുക്കി താലൂക്കിലാണ് കൂടുതൽ മഴ കിട്ടിയത്- 37.2 മി.മി. കുറവ് മഴ ലഭിച്ചത് ഉടുമ്പഞ്ചോല താലൂക്കിലാണ്- 13.2 മി.മി. പീരുമേട്- 37, തൊടുപുഴ- 35.2, ദേവികുളം- 35.5 എന്നിങ്ങനെയാണ് ജില്ലയിലെ മറ്റ് താലൂക്കുകളിൽ ലഭിച്ച മഴയുടെ അളവ്. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തിന്റെ റിപ്പോർട്ട്. 17 വരെ ജില്ലയിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായതിനെ തുടർന്ന് ഡാമിലെ ജലനിരപ്പ് ഉയർന്നു. 2342.18 അടിയാണ് ഇന്നലത്തെ ജലനിരപ്പ്. സമുദ്രനിരപ്പിൽ നിന്നുള്ള അളവാണിത്. 2403 അടിയാണ് പരമാവധി സംഭരണശേഷി. 130.70 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്.