തൊടുപുഴ: ആദിവാസി മേഖലയായ നാളിയാനി പ്രദേശവാസികൾക്ക് മുളയും മരക്കഷ്ണങ്ങളും കൊണ്ട് കെട്ടിയുണ്ടാക്കിയ പാലം കടന്ന് വേണം ഇപ്പോഴും പുറം ലോകത്തേക്ക് എത്തപ്പെടാൻ.കുളമാവിൽ നിന്നുത്ഭവിക്കുന്ന വടക്കനാറിന്റെ കുറുകെയാണ് പാലം സ്ഥാപിച്ചിരിക്കുന്നത്.വെള്ളിയാമറ്റം പഞ്ചായത്തിലെ പത്താം വാർഡായ നാളിയാനിയേയും ഒൻപതാം വാർഡായ പൂച്ചപ്രയേയും വേർതിരിക്കുന്നത് വടക്കനാറാണ്. മരത്തിന്റേയും മുളയുടേയും കഷ്ണങ്ങൾ ചേർത്തുണ്ടാക്കിയ പാലം കാലപ്പഴക്കത്താൽ അപകടവസ്ഥയിലാണ്.മഴക്കാലം ആരംഭിച്ചതോടെ പാലത്തിൽ പായൽ നിറഞ്ഞ് തെന്നുന്ന അവസ്ഥയാണ്.
പാലത്തിലൂടെയുള്ള സഞ്ചാരം ഒരു സഹസിക യാത്രയാണെന്ന് പ്രദേശവാസികൾ പറയുന്നു.വയോജനങ്ങൾ, കുട്ടികൾ, സ്ത്രീകളും ഭയം കാരണം പാലത്തിലൂടെയുള്ള സഞ്ചാരം ഒഴിവാക്കുകയാണ്. നാളിയാനിയിലുള്ള വിദ്യാർത്ഥികൾ പൂച്ചപ്ര സ്കൂളിൽ പഠനത്തിന് എത്തിക്കൊണ്ടിരുന്നത് വടക്കാനാർ കടന്നാണ്.മഴക്കാലം ശക്തമായാൽ വടക്കനാർ അപ്രതീക്ഷിതമായി നിറഞ്ഞ് കവിഞ്ഞ് വെള്ളം ഇരമ്പി എത്തും.അത്യാവശ്യ സമയങ്ങളിൽ ആശുപത്രിയിൽ പോകേണ്ട പ്രായമായവരെ നാട്ടുകാർ കസേരയിൽ ഇരുത്തി സാഹസികമായി പുഴ കടത്തിയാണ് പൂച്ചപ്രഭാഗത്തേക്ക് എത്തിക്കുന്നതും.പുതിയ പാലം വേണമെന്ന് വെള്ളിയാമറ്റം പഞ്ചായത്ത് ഗ്രാമസഭകൾ ഊര് കൂട്ട യോഗങ്ങൾ വർഷങ്ങളായി അധികൃതരോട് ആവശ്യപ്പെടുന്നതുമാണ്. എന്നാൽ പ്രശ്നങ്ങൾക്ക് പരിഹാരം ആകുന്നില്ല.
പുഴ കടക്കാതെ പദ്ധതികൾ
ആദിവാസി പിന്നോക്ക മേഖലയുടെ വികസനം-ക്ഷേമ പ്രവർത്തനങ്ങൾക്ക് പട്ടിക വിഭാഗ ഫണ്ടുകൾ ഉൾപ്പടെ കോടികളുടെ പദ്ധതികൾ ഉണ്ടെങ്കിലും അവയെല്ലാം പ്രദേശവാസികൾക്ക് അന്യമാണ്.വിവിധ തലങ്ങളിലുള്ള ജന പ്രതിനിധികളും ഉദ്യോഗസ്ഥരും കൂട്ടായി പ്രവർത്തിച്ചാൽ വടക്കാനറിന് കുറുകെയുള്ള പാലം ഉൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കഴിയും.നിർഭാഗ്യവശാൽ ഇത്തരം കൂട്ടായ്മകൾക്ക് വേണ്ടി പ്രദേശികമായും ഇച്ചാശക്തിയോടെ ആരും മുന്നോട്ട് വരുന്നുമില്ല.