തൊടുപുഴ: രണ്ട് ദിവസത്തെ കടുത്ത നിയന്ത്രണങ്ങളോട് സഹകരിച്ച ജനം ഇന്ന് മുതൽ ഇളവുകളിലേക്ക്. ശനിയും ഞായറും നിരത്തുകൾ വിജനമായിരുന്നു. അത്യാവശ്യ യാത്രക്കാർ ഒഴികെ കാര്യമായ വാഹനങ്ങളോ ആളുകളോ നിരത്തിൽ ഇറങ്ങിയില്ല. ഒഴിച്ചു കൂടാൻ കഴിയാത്ത ആവശ്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങിയില്ല. ജില്ലയിലെ ഭൂരിഭാഗം കടകളും അടഞ്ഞു കിടന്നു. പലചരക്ക്, പഴം, പച്ചക്കറി, മത്സ്യം, മാംസം, ബേക്കറി, മെഡിക്കൽ സ്റ്റോറുകൾ തുടങ്ങിയ മാത്രമാണ് തുറന്ന് പ്രവർത്തിച്ചത്. പാഴ്‌സൽ വാങ്ങുന്നതിനും നിയന്ത്രണം ഉള്ളതിനാൽ പല ഹോട്ടലുകളും ചായക്കടകളും അടഞ്ഞു കിടന്നു. ഹോം ഡെലിവറി സംവിധാനം ഉള്ളവർ മാത്രമാണ് പ്രവർത്തിച്ചത്.
ഇന്ന് മുതൽ കൂടുതൽ ബസുകൾ
കെ.എസ്.ആർ.ടി.സി കഴിഞ്ഞ ദിവസം ആരംഭിച്ച ദീർഘദൂര സർവീസുകൾ ശനിയും ഞായറും ഓടിയില്ല. ഇന്ന് മുതൽ കൂടുതൽ സർവീസുകളോടെ ബസുകൾ ഓടും. തൊടുപുഴയിൽ നിന്ന് അധികമായി തിരുവനന്തപുരത്തിനും കോഴിക്കോടിനും ഇന്ന് മുതൽ സർവീസ് ആരംഭിക്കും. തൊടുപുഴ മേഖലയിൽ ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥർക്കായി രാവിലെ ഏഴിന് കട്ടപ്പന ഡിപ്പോയിൽ നിന്ന് തൊടുപുഴയ്ക്ക് സർവീസ് ആരംഭിക്കും. കുമളിയിൽ നിന്ന് തൊടുപുഴ വഴി കോട്ടയത്തിനും സർവീസ് ആരംഭിക്കുമെന്ന് ഡി.ടി.ഒ അറിയിച്ചു.
ഇളവുകൾ ആഘോഷിക്കരുതേ
കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് സർക്കാർ ലോക്ക് ഡൗണിൽ ഇളവുകൾ നൽകുമ്പോൾ എല്ലാവരും ഒത്തൊരുമിച്ച് നിരത്തിലിറങ്ങിയാൽ വിപരീത ഫലമാകും ഉണ്ടാകുക. വെള്ളിയാഴ്ച അതായിരുന്നു കണ്ടത്. സാമൂഹ്യ അകലവും കൊവിഡ് മാനദണ്ഡങ്ങളുമില്ലാതെ എല്ലാവരും വാഹനവുമായി നഗരങ്ങളിലേക്കിറങ്ങിയതോടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പലയിടത്തും ഗതാഗതക്കുരുക്കുമുണ്ടായി. ഇത് ഇപ്പോൾ കുറഞ്ഞ കൊവിഡ് രോഗികളുടെ എണ്ണം കൂട്ടാനെ ഉപകരിക്കൂ. നിലവിൽ 10.89 ശതമാനമായിരുന്നു ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. വരുംദിവസങ്ങളിൽ ഇതിൽ കുറവുണ്ടായാൽ മാത്രമേ ജില്ലാ ഭരണകൂടം ലോക്ക് ഡൗൺ പൂർണമായും ഒഴിവാക്കൂ.