
നെടുങ്കണ്ടം: ഉടുമ്പൻചോല- ചിത്തിരപുരം റോഡ് നിർമാണത്തിനിടെ അനുമതിയില്ലാതെ പൊതുമരാമത്ത് വകുപ്പും കരാറുകാരനും ചേർന്ന് മരങ്ങൾ മുറിച്ചുകടത്തിയ ലോറി പിടികൂടി. അടിമാലി സ്വദേശിയായ കരാറുകാരൻ ഉപയോഗിച്ചിരുന്ന ലോറിയാണ് പിടിച്ചെടുത്തത്. ഇന്നലെ അടിമാലി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പൊളിഞ്ഞ പാലത്തെ വർക്ക്‌ഷോപ്പിൽ നിന്നുമാണ് വാഹനം കണ്ടെത്തിയത്. വനംവകുപ്പിന് ലഭിച്ച സി.സി. ടി.വി ദൃശ്യങ്ങളിൽ നിന്ന് ഉടുമ്പൻചോലയിൽ റോഡ് നിർമാണത്തിന് ഉപയോഗിച്ചിരുന്ന ടിപ്പർ ലോറിയിലാണ് മരങ്ങൾ കടത്തിയതെന്ന് കണ്ടെത്തിയിരുന്നു. ലോറിയുടെ മുമ്പിൽ പൊതുമരാമത്ത് വകുപ്പിന്റെ ബോർഡാണ് സ്ഥാപിച്ചിരിക്കുന്നത്. ദേവികുളം റേഞ്ച് ആഫീസർ ബി. അരുൺ മഹാരാജയുടെ നേതൃത്വത്തിലാണ് ലോറി പിടിച്ചെടുത്തത്. വാഹനത്തിന്റെ മറ്റു വിവരങ്ങൾ തേടി വനം വകുപ്പ് മോട്ടർ വാഹന വകുപ്പിനു കത്ത് നൽകും. കരാറുകാരനെ അറസ്റ്റ് ചെയ്യാൻ വനംവകുപ്പ് രണ്ട് തവണ ശ്രമം നടത്തിയിരുന്നെങ്കിലും ഇയാൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായതിനാൽ സാധിച്ചില്ല. കഴിഞ്ഞ ദിവസം മൊഴിയെടുക്കാൻ ദേവികുളം ഫോറസ്റ്റ് ആഫീസിലെത്താൻ നോട്ടീസ് നൽകിയിരുന്നെങ്കിലും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ഇയാൾ തയ്യാറായിരുന്നില്ല.
35,000 രൂപയുടെ മരങ്ങളാണ് നഷ്ടപ്പെട്ടെന്നാണ് വനംവകുപ്പിന്റെ ഔദ്യോഗിക കണക്ക്. എന്നാൽ വനംവകുപ്പ് ശാന്തൻപാറ ആഫീസിന് കീഴിലുള്ള പൊൻമുടി സെക്ഷനിൽ നിന്ന് മാത്രം പതിറ്റാണ്ടുകൾ പഴക്കമുള്ള ലക്ഷങ്ങളുടെ മരങ്ങൾ നഷ്ടപ്പെട്ടതായി അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ കരാറുകാരൻ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ പ്രതികളാക്കി മൂന്ന് കേസുകളാണ് വനംവകുപ്പ് എടുത്തിരിക്കുന്നത്.