കരിമണ്ണൂർ :സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ സ്മാർട്ട്‌ഫോൺ ചലഞ്ചിന് തുടക്കമായി. സ്‌കൂളിലെ 13 കുട്ടികൾക്ക് സ്മാർട്ട്‌ഫോൺ നൽകിക്കൊണ്ട് സ്‌കൂൾ മാനേജർ ഫാ.ഡോ. സ്റ്റാൻലി പുൽപ്രയിൽ പദ്ധതി ഉദ്ഘാടനം ചെയ്തു. അധ്യാപകർ, 2006 ബാച്ച് എസ്എസ്എൽസി വിദ്യാർഥികൾ, എസ് ബി ഐ കരിമണ്ണൂർ, കെ പി എസ് ടി എ അദ്ധ്യാപക സംഘടന എന്നിവരുടെ സഹകരണത്തോടെയാണ് സ്മാർട്ട് ഫോണുകൾ ലഭ്യമാക്കിയത്.സ്‌കൂളിലെ എസ് പി സി, എൻസിസി, സ്‌കൗട്ട് ആൻഡ് ഗൈഡ്, ലിറ്റിൽ കൈറ്റ്‌സ്, ജെ ആർ സി, തുടങ്ങിയ സംഘടനകളുടെ സംയുക്ത നേതൃത്വവും ഈ ഉദ്യമത്തിന് ശക്തിപകർന്നു. സ്‌കൂളിലെ മൂന്ന് കുട്ടികൾക്ക് വീട് നിർമ്മിച്ചു നൽകുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുകയും വീട് പണി ആരംഭിക്കുകയും ചെയ്തുകൊണ്ട് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ ഈവർഷം തുടങ്ങിവച്ച കാരുണ്യ സ്പർശം സ്മാർട്ട്‌ഫോൺ ചലഞ്ച് ലൂടെ തുടരുകയാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ ഹെഡ്മാസ്റ്റർ സജി മാത്യു അറിയിച്ചു. യോഗത്തിൽ എസ് പി സി കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ ജിയോ ചെറിയാൻ സ്വാഗതവും എൻ സി സി ഓഫീസർ ബിജു ജോസഫ് നന്ദിയും അർപ്പിച്ചു. പി ടി എ പ്രസിഡന്റ് ലിയോ കുന്നപ്പള്ളി, പ്രിൻസിപ്പൽ ബിസോയി ജോർജ്, കരിമണ്ണൂർ എസ് .ഐ ടി എ ഷംസുദ്ദീൻ, കെ പി എസ് ടി എ ജില്ലാ സെക്രട്ടറി ഷിന്റോ ജോർജ്, പൂർവ അദ്ധ്യാപകൻ ഗർവാസിസ് കെ സഖറിയാസ്, എസ്ബിഐ മാനേജർ അഖിലാസ് കെ ആന്റണി, പൂർവ വിദ്യാർത്ഥി പ്രതിനിധി സിജോ അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.