mvip-canal

 കാടുമൂടി എം.വി.ഐ.പി കനാൽ

തൊടുപുഴ: മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിയുടെ (എം.വി.ഐ.പി) ഭാഗമായ വലതുകര കനാലിന്റെ ഇരുവശവും കാടുകൾ വളർന്നും സംരക്ഷണ ഭിത്തികൾ തകർന്നും ശോചനീയാവസ്ഥയിൽ. കുമാരമംഗലം പഞ്ചായത്തിലെ 5, 6, 7, 12 വാർഡുകളിലൂടെ കടന്നു പോകുന്ന കനാൽ ഭാഗത്താണ് കൂടുതൽ കാടുമൂടിയിരിക്കുന്നത്. കാടുകൾ വളർന്ന് കനാൽ റോഡിലൂടെയുള്ള യാത്ര ദുഷ്‌കരമായിരിക്കുകയാണ്. വാഹനങ്ങൾ പരസ്പരം കാണാൻ കഴിയാത്തതിനാൽ പ്രധാന ജംഗ്ഷനുകളിൽ അപകടം പതിയിരിക്കുന്നു. സ്വകാര്യ വ്യക്തികൾ കനാലിന്റെ വശങ്ങൾ കൈയേറി പുൽകൃഷി, വാഴ, പച്ചക്കറി കൃഷി എന്നിവ ചെയ്യുന്നത് മൂലം കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. വളർന്ന് പടർന്ന് നിൽക്കുന്ന കാടുകൾക്കുള്ളിലേക്ക് ആളുകൾ ഭക്ഷണാവശിഷ്ടങ്ങളടക്കം മാലിന്യങ്ങൾ വലിച്ചെറിയുന്നതും പതിവാണ്.

വെള്ളം തുറന്നുവിടുന്നതിന് മുന്നോടിയായി കനാലിലെ കാടുകളും മാലിന്യങ്ങളും എം.വി.ഐ.പിയുടെ നേതൃത്വത്തിൽ നീക്കം ചെയ്തിരുന്നു. ഇത് യഥാസമയം എം.വി.ഐ.പി അധികൃതർ ചെയ്യാത്തതാണ് ശോചനീയാവസ്ഥയ്ക്ക് കാരണം. കനാലിന്റെയുള്ളിൽ വളർന്നു നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റി കനാലിലെ ചെളി കോരി നീക്കുകയും വേണം. ഇതോടൊപ്പം തകർന്ന് കിടക്കുന്ന കനാൽ ബണ്ട് റോഡിന്റെ സംരക്ഷണ ഭിത്തി കെട്ടി റോഡ് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം

സാമൂഹ്യവിരുദ്ധരുടെ

താവളം

കനാലിൽ ആൾത്താമസമില്ലാത്ത പ്രദേശങ്ങളിൽ പലയിടത്തും സാമൂഹ്യ വിരുദ്ധർ വൻതോതിൽ പ്ലാസ്റ്റിക്, പച്ചക്കറി, മത്സ്യ, മാംസ അറവുമാലിന്യങ്ങൾ എന്നിവയും തള്ളുന്നുണ്ട്. ഇതു മൂലം ഇഴ ജന്തുക്കളുടെ ശല്യവുമുണ്ടെന്ന് പരിസര വാസികൾ പറയുന്നു. പ്രഭാത സവാരിക്കെത്തുന്നവർക്കും ഇത് ഭീഷണിയാണ്. കനാലിന്റെ ഇരു വശങ്ങളും കാട് കയറി മൂടിയതിനാൽ രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധർ പ്രദേശം താവളമാക്കുന്നുണ്ട്. കനാലിന്റെ ഇരു കരയിലെയും സ്ഥലങ്ങൾ എം.വി.ഐ.പിയുടേതാണ്. ഇക്കാരണത്താൽ തന്നെ പ്രദേശവാസികളാരും കാട് വെട്ടിത്തെളിക്കാറില്ല.