ഇടുക്കി : ജലവിഭവവകുപ്പിന് കീഴിലുള്ള ജലജീവൻ മിഷൻ, വാട്ടർ അതോറിറ്റി, ഭൂജലം തുടങ്ങിയവയുടെ ഫലപ്രദമായ വിനിയോഗത്തിലൂടെ ഇടുക്കിയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കണ്ടെത്തുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടുക്കി നിയോജകമണ്ഡലത്തിലെ ജലജീവൻ മിഷൻ പദ്ധതികളുടെ ആസൂത്രണവും നടത്തിപ്പും സംബന്ധിച്ച് ഓൺലൈൻ മീറ്റിംഗിലൂടെ മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ വിവിധ പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്‌നങ്ങളും നിലവിലുള്ള പദ്ധതികളുടെ അവലോകനവും നടന്നു.
കാമാക്ഷി പഞ്ചായത്തിലെ കല്ല്യാണത്തണ്ട് പ്രദേശത്ത് പുതിയ പദ്ധതി നടപ്പിലാക്കുന്നതിന് മന്ത്രി നിർദ്ദേശിച്ചു. ഇടുക്കി റിസർവയറിലെ വെള്ളം പ്രയോജനപ്പെടുത്തി പദ്ധതി നടപ്പിലാക്കുന്നതിലൂടെ കാമാക്ഷി, വാത്തിക്കുടി, മരിയാപുരം, കഞ്ഞിക്കുഴി ഭാഗികമായും കുടിവെള്ളം എത്തിക്കാനാകും. ഇതോടൊപ്പം കൊന്നത്തടി പഞ്ചായത്തിനും ഉടുമ്പൻചോല പഞ്ചായത്തിനുമായി നിലവിലുള്ള പദ്ധതിയെ വിപുലീകരിച്ച് രണ്ട് പദ്ധതികളായി പ്രാവർത്തികമാക്കാനാകുമോയെന്ന് ആവശ്യമായ പഠനം നടത്തുവാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.
കുടയത്തൂർ പഞ്ചായത്തിലെ കുടിവെള്ളം ആവശ്യമുള്ള മുഴുൻ വീടുകളിലും കണക്ഷൻ നൽകുന്നതിനായി മുട്ടംകരിങ്കുന്നം പദ്ധതിയുടെ ശുദ്ധീകരണ ശാലയിൽ നിന്നും വെള്ളം എത്തിക്കുന്നതിന് പദ്ധതിയോടൊപ്പം തന്നെ കുടയത്തൂരിൽ നിലവിലുള്ള വെള്ളത്തിന്റെ ഉറവിടം വിപുലീകരിച്ച് കുറഞ്ഞ ചെലവിൽ കൂടുതൽ വീടുകളിൽ കൂടുതൽ ജലം എത്തിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനും അറക്കുളം പഞ്ചായത്തിൽ വീടുകൾക്ക് കണക്ഷൻ നൽകുന്നതിനായി കുളമാവ് ഉറവിടമായി പുതിയ പദ്ധതി ആവിഷ്‌ക്കരിക്കുന്നതിനും മന്ത്രി നിർദ്ദേശം നൽകി.
വാഴത്തോപ്പ് പഞ്ചായത്തിലെ നെല്ലിപ്പുഴ ഭാഗത്ത് പാതിവഴിയിൽ നിലച്ചിരിക്കുന്ന നെല്ലിപ്പുഴ കുടിവെള്ള പദ്ധതിയും ഇരട്ടയാർ പഞ്ചായത്തിലെ എഴുകുംവയിൽ കുടിവെള്ള പദ്ധതിയും സമയബന്ധിതമായി പൂർത്തീയക്കുന്നതിനും ഇതിലൂടെ പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാനാകുമെന്നും യോഗം വിലയിരുത്തി.
ജലവിഭവ വകുപ്പിന്റെ കണക്ഷൻ ലഭ്യമാക്കാൻ സാധ്യമാകാത്ത ഉയർന്ന പ്രദേശങ്ങളിൽ ഭൂജലവകുപ്പ് മുഖേന കുഴൽകിണറുകൾ നിർമ്മിച്ച് കുടിവെള്ളമെത്തിക്കുന്നതിനുള്ള പഠനം നടത്തുന്നതിനും യോഗത്തിൽ തീരുമാനമെടുത്തു.
യോഗത്തിൽ അഡ്വ.ഡീൻ കുര്യാക്കോസ് എം.പി, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. സത്യൻ, വാട്ടർ അതോറിറ്റി മൂവാറ്റുപുഴ സർക്കിൾ സൂപ്രണ്ട് എഞ്ചിനീയർ കെ.കെ. അനിൽകുമാർ, എക്‌സി.എഞ്ചിനീയർ ഇ.എൻ.സുരേന്ദ്രൻ, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് മാനേജർ (ജലനിധി) ജോസ് ജെയിംസ്, വട്ടർ അതോറിറ്റ് പ്രൊജക്ട് ഡിവിഷൻ എക്‌സി.എഞ്ചിനീയർ ഇ.ജെ. ആന്റണി, ഭൂജലവകുപ്പ് ജില്ലാ ഓഫീസർ ഡോ.ബി.വിനയൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
5198 കണക്ഷനുകൾ ഈ സാമ്പത്തിക വർഷം
ഇടുക്കി നിയോജകമണ്ഡലത്തിൽ ആകെയുള്ള 51315 വീടുകളിൽ ജലജീവൻ മിഷൻ പദ്ധതി തുടങ്ങുമ്പോൾ 13469 വീടുകളിൽ മാത്രമാണ് ഗാർഹിക കണക്ഷനുകൾ ഉണ്ടായിരുന്നത് ശേഷിക്കുന്ന 37846 വീടുകൾക്ക് 2024 നോടുകൂടി കണക്ഷനുകൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. 2020-21 വർഷത്തിലെ പദ്ധതികളുടെ അവലോകന പ്രകാരം 5198 കണക്ഷനുകൾ നൽകുന്നതിനായി 946.31 ലക്ഷം രൂപയ്ക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്.