തൊടുപുഴ: നെറ്റ് വർക്കിന്റെ അഭാവവും ഓൺലൈൻ പഠന സാമഗ്രികളുടെ കുറവും മൂലം ഓൺലൈൻ പഠനം പ്രതിസന്ധിയിലായ ആദിവാസി മേഖലകളിലടക്കം പൊതു പഠന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. 164 പൊതു പഠന കേന്ദ്രങ്ങളാകും ജില്ലയിൽ ആരംഭിക്കുക. ടെലിവിഷൻ, ലാപ്‌ടോപ്, ടാബ്, മൊബൈൽ തുടങ്ങിയ ഓൺലൈൻ പഠന സൗകര്യങ്ങളില്ലാത്ത കുട്ടികളെ കണ്ടെത്തി ഇവർക്ക് എത്തിച്ചേരാൻ കഴിയുന്ന ഒരു പൊതു ഇടം സജ്ജമാക്കി അവിടെ പഠനത്തിന് സൗകര്യമൊരുക്കുകയാണ് പൊതുപഠന കേന്ദ്രം കൊണ്ട് ഉദ്ദേശിക്കുന്നത്. ആദിവാസി മേഖലയിൽ ട്രൈബൽ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ മുപ്പതോളം പൊതു പഠന കേന്ദ്രങ്ങൾ ഉണ്ട്. അവിടെ ട്രൈബൽ പ്രമോട്ടർമാരുടെ സേവനം ഉപയോഗിച്ച് ക്ലാസുകൾ നൽകാനുള്ള നടപടികൾ ആലോചിച്ചിട്ടുണ്ട്. കുട്ടികളെ എത്തിക്കുന്നതടക്കമുള്ള കാര്യങ്ങൾ ഇവർ ഉറപ്പാക്കും. പ്രദേശവാസികളായ അദ്ധ്യാപകർ, സമഗ്ര ശിക്ഷാ കേരളയുടെ അദ്ധ്യാപകർ, വിദ്യാഭ്യാസ വോളണ്ടിയർമാർ, ട്രൈബൽ ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ എന്നിവരുടെ സേവനം പൊതു പഠന കേന്ദ്രങ്ങളിൽ ഉറപ്പാക്കും.
കഴിഞ്ഞ വർഷത്തെ പോലെ
കഴിഞ്ഞ അദ്ധ്യയന വർഷം ഓൺലൈൻ സൗകര്യം ലഭിക്കാത്ത പ്രദേശങ്ങളിലെ കുട്ടികൾക്കായി പൊതു പഠന കേന്ദ്രം തുടങ്ങിയിരുന്നു. തോട്ടം മേഖലയും വിദൂര ആദിവാസി കുടികളും കേന്ദ്രീകരിച്ച് 143 സെന്ററുകളായിരുന്നു അന്ന് ആരംഭിച്ചത്. ടി.വിയടക്കമുള്ള സൗകര്യങ്ങൾ ലഭിച്ചപ്പോൾ ചില സെന്ററുകൾ നിറുത്തി. അവിടെ നിന്നുള്ള ടെലിവിഷനടക്കമുള്ള സാമഗ്രികൾ പുതിയ പഠന കേന്ദ്രങ്ങളിലെത്തിക്കും.
2413 കുട്ടികൾ പഠനകേന്ദ്രത്തിലെത്തും
വിദ്യാഭ്യാസ വകുപ്പിന്റെ കണക്കനുസരിച്ച് 2413 കുട്ടികളാണ് പൊതുപഠനകേന്ദ്രം ആവശ്യമുള്ളവർ. എന്നാൽ 1185 കുട്ടികൾക്ക് പൊതുപഠന കേന്ദ്രത്തിൽ പോലും പോകാൻ സാധിക്കാത്തവരാണ്. ബാക്കിയുള്ള കുട്ടികൾക്ക് നെറ്റ്‌വർക്ക് പ്രശ്നമുള്ളവരാണെങ്കിലും ടെലിവിഷനിലെങ്കിലും ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കുന്നവരാണെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്.
'നെറ്റ്‌വർക്ക് പ്രശ്നമുള്ളതിനാൽ റെക്കാഡ് ക്ലാസുകളാകും പൊതുപഠനകേന്ദ്രങ്ങളിൽ ലഭ്യമാക്കുക. ലോക്ക് ഡൗൺ പിൻവലിക്കുന്ന മുറയ്ക്ക് പഠനകേന്ദ്രങ്ങൾ ആരംഭിക്കും"
- വി.എ. ശശീന്ദ്ര വ്യാസ് (ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ)