തൊടുപുഴ: പട്ടാപകൽ നഗരത്തിലെ ഹോട്ടലിലെ പാചകവാതക സിലിണ്ടറിൽ നിന്ന് തീപടർന്ന് പിടിച്ചത് ആശങ്കയ്ക്കിടയാക്കി. വെങ്ങല്ലൂർ ഷാപ്പുംപടിയിൽ പ്രവർത്തിക്കുന്ന ബിസ്മി ഹോട്ടലിലാണ് ഇന്നലെ രാവിലെ 9.45ന് തീപിടുത്തമുണ്ടായത്. ഈ സമയം കടയിൽ പാഴ്സലായി ഭക്ഷണം വാങ്ങാനെത്തിയവരുണ്ടായിരുന്നു. പാചകവാതക സിലിണ്ടറിൽ നിന്ന് പടർന്ന തീ ഹോട്ടലിന്റെ മുന്നിലുള്ള അടുക്കളഭാഗത്ത് നിമിഷനേരത്തിനുള്ളിൽ വ്യാപിക്കുകയായിരുന്നു. കടയുടമ ഷമീർ നനഞ്ഞ ചാക്ക് ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് തൊടുപുഴയിലെ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ രണ്ട് യൂണിറ്റ് വാഹനങ്ങളിലായെത്തിയ സേനാംഗങ്ങൾ 15 മിനിട്ടിനുള്ളിൽ തീയണച്ചു. ഇതിനിടെ ഹോട്ടലിന്റെ മുൻഭാഗം കുറെ കത്തിനശിച്ചു. നഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല. തൊടുപുഴ ഫയർസ്റ്റേഷനിലെ അസി. സ്റ്റേഷൻ ആഫീസർ പി.വി. രാജൻ,​ സീനിയർ ഫയർ ആന്റ് റെസ്ക്യൂ ആഫീസർ ടി.കെ. ജയറാം,​ ഫയർ ആന്റ് റെസ്ക്യൂ ആഫീസർമാരായ മനു ആന്റണി,​ ടി.കെ. വിവേക്,​ എം.എൻ. അയൂബ്,​ ഡ്രൈവർമാരായ എം.കെ. ഷൗക്കത്തലി ഫാവാസ്,​ സുനിൽ എം. കേശവൻ,​ ഹോംഗാർഡ് എം.പി. ബെന്നി എന്നിവർ ചേർന്നാണ് തീയണച്ചത്.