കാഞ്ഞാർ: കൈപ്പ പാറമടയിൽ നിന്ന് കല്ല് നീക്കം ചെയ്യാനുള്ള ശ്രമം പാറമട വിരുദ്ധ സമിതി പ്രവർത്തകർ തടഞ്ഞു.ഇന്നലെ രാവിലെ 10.30 നാണ് സംഭവം.രണ്ട് ടിപ്പറും ഒരു ജെ സി ബി യും പാറമടയിൽ എത്തിച്ച് ടിപ്പറിൽ കല്ല് നിറച്ച് കൊണ്ടുപോകാനുള്ള ശ്രമായിരുന്നു സമരസമിതി തടഞ്ഞത്. പ്രവർത്തിക്കാത്ത പാറമട പ്രവർത്തിക്കുന്നു എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് പാറമട വിരുദ്ധ സമിതി പ്രവർത്തകർ പറഞ്ഞു..പാറമട വിരുദ്ധ സമരസമിതി നൽകിയ പരാതി നിലനിൽക്കുന്ന സാഹചര്യത്തിൽ കല്ലുകൾ അനധികൃതമായി നീക്കം ചെയ്യാൻ അനുവദിക്കുകയില്ലന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. ഇതേ തുടർന്ന് കാഞ്ഞാർ പൊലീസും വെള്ളിയാമറ്റം വില്ലജ് ഓഫീസർ മായാ തങ്കപ്പനും സ്ഥലത്തെത്തി.ഇതിനിടെ കുടയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആഞ്ജലീന സിജു വിന്റെ നേതൃത്വത്തിൽ സമരസമിതി നേതാക്കളിൽ ചിലർ കളക്ടറെ നേരിൽ കാണുകയും പരാതി സമർപ്പിക്കുകയും ചെയ്തു.ഇതിനെ തുടർന്ന് കളക്ടർ പാറമടയുടെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവയ്ക്കാനും വിശദമായ റിപ്പോർട്ട് നൽകാനും വില്ലേജ് ഓഫീസർക്ക് നിർദ്ദേശം നൽകി.വില്ലേജ് ഓഫീസറുടെ കത്തിന്റെ അടിസ്ഥാനത്തിൽ പാറമടയിൽ നിന്ന് കല്ല് കയറ്റിയ വാഹനങ്ങൾ ഉൾപ്പെടെ കാഞ്ഞാർപൊലീസ് കസ്റ്റഡിയിൽ എടുത്തു. പാറമട പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും തങ്ങളുടെ കൈവശം ഉണ്ടെന്നും മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതിയോടെയാണ് മടയിൽ നിന്ന് കല്ലുകൾ നീക്കം ചെയ്യാൻ എത്തിയതെന്നും പാറമട ലൈസൻസ് ഉടമകൾ പറഞ്ഞു.