തൊടുപുഴ: ഗുരുദർശനം പഠിച്ച് ഞാൻ എന്ന ഭാവം ഉപേക്ഷിക്കണമെന്ന് എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഓൺലൈൻ രവിവാര പാഠശാലയ്ക്ക് അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അവർ. ഗുരു ദർശനത്തിന്റെ അർത്ഥതലങ്ങളിലൂടെ ഇറങ്ങി ചെന്നാൽ മനുഷ്യനിൽ ഞാനെന്ന ഭാവം ഇല്ലാതാക്കി ഈശ്വര ചൈതന്യം നിറയ്ക്കാനാവും. ഗുരുധർമ്മം പഠിക്കേണ്ടത് ഇന്നത്തെ തലമുറയുടെ ആവശ്യമാണ്. ഗുരുദേവ ദർശനങ്ങൾ ജീവിതത്തിൽ പകർത്തിയാൽ ജീവിതവിജയം ഉണ്ടാകുമെന്നും അവർ പറഞ്ഞു. രവിവാര പാഠശാല ഓൺലൈനായി നടത്താൻ നേതൃത്വം കൊടുക്കുന്ന തൊടുപുഴ യൂണിയൻ ഭാരവാഹികളെയും പോഷക സംഘടനാ ഭാരവാഹികളെയും പ്രീതി നടേശൻ അഭിനന്ദിച്ചു. യൂണിയൻ കൺവീനർ വി. ജയേഷ് അദ്ധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന യോഗം യൂണിയൻ ചെയർമാർ എ.ജി. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. രവിവാര പാഠശാലാ കൺവീനർ സി.കെ. അജിമോൻ സ്വാഗതവും യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ മുഖ്യപ്രഭാഷണവും നടത്തി. തുടർന്ന് ബിജു പുളിക്കലേടത്തിന്റെ പഠന ക്ലാസും ഉണ്ടായിരുന്നു. ശാഖാ ഭാരവാഹികൾ, യൂണിയൻ പോഷക സംഘടനാ ഭാരവാഹികൾ, രവിവാര പാഠശാല കമ്മിറ്റിയംഗങ്ങൾ എന്നിവർ ആശംസകൾ അറിയിച്ചു. രവിവാര പാഠശാല ചെയർമാൻ ഭാനു ഗോപൻ യോഗത്തിൽ നന്ദി പറഞ്ഞു.