ഉടുമ്പൻചോല: വനംകൊള്ള ചില ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവയ്ക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ. ചിന്നക്കനാൽ മുത്തമ്മാൾ കോളനിയ്ക്ക് സമീപം അനധികൃത മരം മുറി നടന്ന പ്രദേശം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. വനം വകുപ്പിന്റെ അറിവും സമ്മതവുമില്ലാതെ ഇത്തരത്തിലുള്ള വ്യാപകമായുള്ള കൊള്ള നടത്താനാകില്ല. മരംമുറി ഉത്തരവ് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി മാത്രം അറിഞ്ഞ് ഇങ്ങനൊരു തീരുമാനം എടുക്കാൻ സാധിക്കില്ല. മന്ത്രിസഭ ഈ കാര്യങ്ങൾ ചർച്ച ചെയ്തിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കർഷകരെ സഹായിക്കാനുള്ള തീരുമാനമാണെങ്കിൽ മൂന്ന് മാസം കഴിഞ്ഞപ്പോൾ എന്തിനാണ് നിയമം നിറുത്തലാക്കിയത്. ഇത് സർക്കാർ അറിഞ്ഞുകൊണ്ടുള്ള തീരുമാനമാണ്. ഈ വിഷയം രണ്ട് വകുപ്പുകൾ തമ്മിലുള്ള തുറന്ന പോരിലേക്കാണ് വഴി തുറക്കുന്നത്. വനം- റവന്യൂ വകുപ്പുകൾക്ക് തുല്യ ഉത്തരവാദിത്വമാണ് ഇക്കാര്യത്തിലുള്ളത്. . മരംമുറി കേസിൽ എൽ.ഡി.എഫും യു.ഡി.എഫും ഒത്തുകളിക്കുകയാണ്. വനംകൊള്ളയെക്കുറിച്ച് ബി.ജെ.പി സമാന്തര സംവിധാനത്തിലൂടെ അന്വേഷണം നടത്തി റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിന് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ചിന്നക്കനാലിലെ സന്ദർശനത്തിന് ശേഷം ചെമ്മണ്ണാറിൽ റോഡ് നിർമാണത്തിന്റെ മറവിൽ മരം മുറിച്ച സ്ഥലത്തും എ.എൻ രാധാകൃഷ്ണൻ സന്ദർശനം നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, ന്യൂനപക്ഷ മോർച്ച അഖിലേന്ത്യ ഉപാദ്ധ്യക്ഷൻ അഡ്വ. സാബു വർഗീസ്, സംസ്ഥാന സമിതിയംഗങ്ങളായ ബിനു ജെ. കൈമൾ, എൻ. ഹരി, ജില്ലാ ജനറൽ സെക്രട്ടറി വി.എൻ. സുരേഷ്, മണ്ഡലം ജനറൽ സെക്രട്ടറി ബിനു അമ്പാടി, യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, ഭാരവാഹികളായ നോജ് കുമാർ അടിമാലി, അനീഷ് ചന്ദ്രൻ, ജാനകി രാമൻ, ജോഷി, ചാർലി, അനീഷ് കെ.പി. തുടങ്ങിയവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.