തൊടുപുഴ: തൊടുപുഴയിലും സമീപ പ്രദേശങ്ങളിലും മഴ ശക്തമായി. ഇന്നലെ രാവിലെ വരെ 81.2 മില്ലി മീറ്റർ മഴയാണ് തൊടുപുഴ താലൂക്കിൽ മാത്രം രേഖപ്പെടുത്തിയത്. ഇന്നലെ ഉച്ചക്ക് ശേഷമാണ് മഴയ്ക്ക് താൽക്കാലിക ശമനമായത്. കനത്ത മഴയെ തുടർന്ന് മലങ്കര ഡാമിന്റെ ആറ് ഷട്ടറുകളും ഉയർത്തി ഇന്നലെ മുതൽ കൂടുതൽ അളവിൽ ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. സ്പിൽവേയിലൂടെ മാത്രം 63.75 മീറ്റർ/ ക്യൂബ് അളവിലാണ് ജലം പുറന്തള്ളുന്നത്. ജാഗ്രതയുടെ ഭാഗമായി ജനുവരി മുതൽ ഷട്ടറുകൾ 20 മുതൽ 30 സെന്റീമീറ്റർ ഉയർത്തി നിശ്ചിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കിയിരുന്നു. 42 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. ഇന്നലെ ജലനിരപ്പ് 39.68 മീറ്ററായി ഉയർന്നിരുന്നു.