kallar
കല്ലാർ ഡൈവേർഷൻ അണക്കെട്ടിന്റെ ടണൽ മുഖത്തേക്ക് പോകുന്ന വഴിയുടെ വശം കനത്ത മഴയിൽ ഇടിഞ്ഞ് താണപ്പോൾ

നെടുങ്കണ്ടം: കാലവർഷം ശക്തമായതോടെ നെടുങ്കണ്ടം മേഖലയിൽ കനത്ത നാശനഷ്ടം. തോവാളപ്പടിയിൽ വീടിന്റെ സംരക്ഷണഭിത്തിയിടിഞ്ഞ് തൊട്ടടുത്ത വീടിന്റെ പിന്നിലേക്ക് പതിച്ചു. ഉടുമ്പൻചോലയിൽ മൂന്നിടത്ത് മരംവീണ് കൃഷിനാശം ഉണ്ടായി. കുമളി- മൂന്നാർ റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. കല്ലാർ ഡൈവേർഷൻ അണക്കെട്ടിന്റെ ടണൽ മുഖത്തേക്ക് പോകുന്ന വഴിയുടെ വശവും കനത്ത മഴയിൽ ഇടിഞ്ഞ് താണു. തോവാളപ്പടി ഇലന്തൂർ കുഞ്ഞുമോൻ എന്നയാളുടെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് തകർന്നത്. തകർന്ന സംരക്ഷണഭിത്തിയും കല്ലും മണ്ണും തൊട്ടടുത്ത് തമാസിക്കുന്ന ബ്ലോക്ക് നമ്പർ 698ൽ പി.എസ്.മഹേശൻ എന്നയാളുടെ വീടിന്റെ പിറകിലേക്കാണ് വീണത്. സംരക്ഷണ ഭിത്തിയോട് ചേർന്ന് നിർമിച്ചിരുന്ന കാർ ഷെഡും തകർന്നിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. സംഭവം നടക്കുമ്പോൾ വീട്ടുകാർ ഉറക്കത്തിലായിരുന്നതിനാൽ ആളപായമില്ല. സംരക്ഷണഭിത്തി തകർന്ന് വീണ് വീടിന്റെ ചായ്പ് തകർന്നു. വീടിന്റെ പിൻഭാഗത്തെ ഭിത്തികൾക്ക് വിള്ളൽ വീണിട്ടുണ്ട്. സംരക്ഷണഭിത്തിയോപ്പം മണ്ണും ഒലിച്ചുപോയതിനാൽ ഇലന്തൂർ കുഞ്ഞുമോന്റെ വീടും അപകടാവസ്ഥയിലാണ്. പാറത്തോട് വില്ലേജ് ആഫീസർ ടി.എ. പ്രദീപിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തി. നാട്ടുകാരുടെ നേതൃതത്തിൽ ഇടിഞ്ഞുവീണ സംരക്ഷണഭിത്തിയും മണ്ണും നീക്കം ചെയ്തു. ഉടുമ്പൻചോല മേഖലയിൽ മൂന്നിടത്ത് മരം വീണ് കൃഷി നശിച്ചു. ഉടുമ്പൻചോല, പൊത്തക്കള്ളി, ചതുരംഗപ്പാറ എന്നിവിടങ്ങളിലെ സ്വകാര്യ ഏലത്തോട്ടങ്ങളിൽ നിന്ന മരങ്ങളാണ് കടപുഴകി വീണത്.

കാലവർഷം ശക്തമായി തുടരുന്നു

ഇടുക്കി: ജില്ലയുടെ വിവിധ മേഖലകളിൽ ഇടവിട്ട് ശക്തമായ കാലവർഷം തുടുരുന്നു. ഇന്നലെ രാവിലെ 8.30ന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പീരുമേടാണ്- 10.1 സെ.മീ. ഇടുക്കി- 9.64, തൊടുപുഴ- 8.12, മൂന്നാർ- 5.89, മൈലാടുംപാറ- 4.75 സെ.മീ. വീതവും മഴ ലഭിച്ചു. 17ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം ജില്ലയിൽ മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ ആദ്യ മഞ്ഞ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് രാവിലെയോടെ ഇത് ഓറഞ്ചിലേക്ക് മാറ്റി. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിക്കുന്നത്. 24 മണിക്കൂറിനിടെ 11.5 സെ.മീ വരെ ഈ സാഹചര്യത്തിൽ മഴ ലഭിക്കാം. കാലവർഷം രണ്ട് ആഴ്ച പിന്നിടുമ്പോൾ ഇതുവരെ ജില്ലയിൽ 6% മഴയുടെ കുറവാണ് ലഭിച്ചത്. 30.27 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് 28.41 ശതമാനമാണ് കിട്ടിയത്.