മറയൂർ: അഞ്ചുനാട് മേഖലയിൽ ആദിവാസികുടികളിലും ഗ്രാമങ്ങളിലും കൊവിഡ് വ്യാപനം അതിരൂക്ഷമായ വേളയിൽ ബോധവത്കരണവും പ്രതിരോധ പ്രവത്തനവുമായി മെഡി ടാസ്‌ക് ഫോഴ്‌സ്. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ സന്നദ്ധ സേവനത്തിന് തയ്യാറായെത്തുന്ന ബി.എസ്.സി നഴ്‌സിംഗ് പൂർത്തിയാക്കിയവുടെ സംഘമാണ് മെഡി ടാസ്‌ക് ഫോഴ്‌സായി കാന്തല്ലൂർ ഗ്രാമപഞ്ചായത്തിലെ പരിധിയിൽ വരുന്ന ആദിവാസി മേഖലയിലും അഞ്ചുനാടാൻ ഗ്രാമങ്ങളിലും പ്രവർത്തിക്കുന്നത്. ടെസ്റ്റിനോടും വാക്‌സിനേഷനോടും വിമുഖത കാണിക്കുന്ന സാഹചര്യത്തിൽ ബോധവത്കരണവും കൊവിഡ് രോഗികളെ വീടുകളിൽ എത്തി പരിശോധിക്കുന്ന പ്രവർത്തനവുമാണ് മെഡി ടാസ്‌ക് ഫോഴ്‌സ് ചെയ്യുന്നത്. എട്ട് അംഗങ്ങൾ അടങ്ങുന്ന ആദ്യ ബാച്ചിന്റെ സേവനം അവസാനിച്ച സാഹചര്യത്തിൽ അടുത്ത മെഡി ടാസ്‌ക് ഫോഴ്‌സിനെ അയക്കണമെന്ന യുവജനക്ഷേമബോർഡ് ജില്ലാ കോ- ഓഡിനേറ്റർ വി. സിജിമോന്റെ അഭ്യർത്ഥനയെ തുടർന്നാണ് യുവജനക്ഷേമ ബോർഡ് രണ്ടാം ഘട്ട ടീമിനെ കാന്തല്ലൂരിലേക്ക് അയച്ചത്. കഴിഞ്ഞ ആഴ്ചകളിൽ മെഡിടാസ്‌ക് ഫോഴ്‌സിന്റെ ഫസ്റ്റ് ബാച്ച് പ്രദേശത്തെത്തി കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ രോഗബാധയെ ഒരു പകുതി വരെ ചെറുക്കാൻ സാധിച്ചു.