തൊടുപുഴ: ലോക്ക്‌ ഡൗണിനെ തുടർന്ന് നിശ്ചലമായ സൈക്കിൾ വ്യാപാരമേഖല തകർച്ചയിലേക്ക്. ചെറുതും വലുതുമായ പതിനായിരത്തിലേറെ വ്യാപാരികൾ ഇടപെടുന്ന ഈ രംഗം പ്രതിസന്ധിയിലാണെന്ന് കേരളാ സൈക്കിൾ ഡീലേഴ്‌സ് അസോസിയേഷൻ. വ്യായാമത്തിനും വിവിധ തൊഴിൽ മേഖലയായ പാൽ- പത്രം വിതരണത്തിനും നിത്യേന ഉപയോഗിക്കുന്ന വാഹനമാണ് സൈക്കിൾ. ഒട്ടേറെ സാധാരണക്കാരും കുട്ടികളും സൈക്കിൾ ഉപയോഗിക്കുന്നു. നിത്യേന ഉപയോഗിക്കുന്നവർക്ക് സൈക്കിൾ സർവീസ് ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. അമ്പതിനായിരം തൊഴിലാളികൾ ഈ രംഗത്തുണ്ട്. ഇവരുടെയും കുടുംബങ്ങളുടെയും സ്ഥിതി ദയനീയമാണ്. അടച്ചിട്ട ദിവസങ്ങളിലെ വാടക, ഇലക്ട്രിസിറ്റി ബിൽ തുടങ്ങിയവ കൊടുക്കാൻ സാധിക്കാത്ത അവസ്ഥ. സംഘടനയുടെ ഓൺലൈൻ യോഗത്തിൽ സൈക്കിൾ വ്യാപാരമേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്തു. ജില്ലാ ജനറൽ കൺവീനർ സി. കെ. നവാസ് അദ്ധ്യക്ഷത വഹിച്ചു. അബ്രഹാം ജോസ്, രാമൻകുട്ടി, ഷിജു മിന്നൽ എന്നിവർ സംസാരിച്ചു. ഡി. മുരളീധരൻ (സംസ്ഥാന പ്രസിഡന്റ്), ബാബു പറയത്തുകാട്ടിൽ (ജനറൽ സെക്രട്ടറി), എം. ജി. സോമൻ (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.