തൊടുപുഴ: അന്താരാഷ്ട്ര ഒളിമ്പിക് ദിനമായ 23ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിവിധ പരിപാടികളോടെ ഒളിമ്പിക് ദിനാചരണം നടത്താൻ ജില്ലാ ഒളിമ്പിക് അസോസിയേഷൻ ജനറൽ കൗൺസിൽ യോഗം തീരുമാനിച്ചു.
22ന് രാവിലെ 10ന് യു.പി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള പെയിന്റിംഗ് മത്സരം നടക്കും.2008 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. 12 മണിക്ക് ഹൈസ്‌ക്കൂൾ വിഭാഗത്തിൽ പഠിക്കുന്നവർക്കു വേണ്ടിയുള്ള പോസ്റ്റർ ഡിസൈൻ മത്സരം നടക്കും. ഇതിൽ 2005 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. ഉച്ചകഴിഞ്ഞ് രണ്ടിന് പ്ലസ്‌വൺ- പ്ലസ്ടു ക്ലാസുകളിൽ പഠിക്കുന്ന 2003ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്ക് വേണ്ടിയുള്ള സ്‌പോട്‌സ് ക്വിസ് മത്സരം നടക്കും. എല്ലാ മത്സരങ്ങളും ഓൺലൈനായിട്ടായിരിക്കും നടത്തുക. ഒരാൾക്ക് ഒരിനത്തിൽ മാത്രമേ പങ്കെടുക്കാൻ കഴിയൂ. ജില്ലയിൽ നിന്നുള്ളവരായിരിക്കണം മത്സരാർത്ഥികൾ. വിജയികളാകുന്ന 1, 2, 3 സ്ഥാനക്കാർക്ക് 750, 500, 250 രൂപ പ്രകാരം ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും നൽകും. പങ്കെടുക്കാനാഗ്രഹിക്കുന്നവർ www.idukkiolympics.org എന്ന വെബ് സൈറ്റിൽ രജിസ്‌ട്രേഷൻ എന്ന ഫോൾഡറിൽ ബന്ധപ്പെട്ട രേഖകൾ സഹിതം പേര് രജിസ്റ്റർ ചെയ്യണം. 23ന് രാവിലെ ഒമ്പതിന് വെങ്ങല്ലൂർ സോക്കർ സ്‌കൂൾ സ്റ്റേഡിയത്തിൽ ഒളിമ്പിക് ദീപശിഖ തെളിയിച്ചുകൊണ്ട് ഒളിമ്പിക് പ്രതിജ്ഞയെടുക്കും. ' ദീപശിഖാ പ്രയാണം' വെർച്വൽ ആയിട്ടായിരിക്കും നടത്തുക.