തൊടുപുഴ: കുട്ടനാട്ടിലെ ജനങ്ങളുടെ ദുരവസ്ഥ മനസ്സിലാക്കി സർക്കാർ ഫലപ്രഭമായ ഇടപെടൽ നടത്തണമെന്ന് ശ്രീനാരായണ ധർമ്മവേദി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. അവിടെ ജീവിക്കുന്ന ജനങ്ങളുടെ പ്രയാസം വർദ്ധിച്ചു വരുകയാണ്.
2018 ലെ വലിയ വെള്ളപൊക്കത്തിൽ പമ്പാനദി, മണിമലയാർ, അച്ചൻകോവിലാർ തുടങ്ങിയ നദികളിൽ നിന്നും വൻതോതിൽ മണ്ണും എക്കലും അടിഞ്ഞ് കുട്ടനാട്ടിലുഉള്ള തോടുകളും കൃഷി പ്രദേശങ്ങളും നിറഞ്ഞ് ചെറിയ മഴയിൽ പോലും വീടുകളിൽ വെള്ളം കയറുന്നു. കയറിയ വെള്ളം ഇറങ്ങിപ്പോകുന്നില്ല. കുടിവെള്ള ക്ഷാമം രൂക്ഷമായി. കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയിലേക്ക് പാടശേഖരങ്ങൾ മാറുന്നു. ഏ.സി.കനാൽ ചെളികൊണ്ടു നിറഞ്ഞു കിടക്കുകയാണ്. കുട്ടനാടിനെ രക്ഷിക്കാൻ കൊണ്ടുവന്ന തോട്ടപ്പള്ളി സ്പിൽവേയും തണ്ണീർ മുക്കം ബണ്ടും ഉദ്ദേശിച്ച ഫലം കണ്ടില്ല. ഇത് യഥാസമയം തുറക്കാറില്ല.
ഇരുപ്പു കൃഷിയും മുപ്പു കൃഷിയും ചെയ്തിരുന്ന ഇ സ്ഥലത്ത് ഇന്ന് പുഞ്ചകൃഷി മാത്രമായി. മുൻ സർക്കാർ കൊണ്ടുവന്ന ഒരു മീനും നെല്ലു പദ്ധതി നടപ്പിലായില്ല. വീടുകളിൽ വെള്ളം കയറി താമസിക്കാൻ പറ്റാത്തതിനൊപ്പം ഏതു നിമിഷവും നിലം പൊത്തുന്ന അവസ്ഥയിലാണ്. പഠനങ്ങളല്ല ഇനി ആവശ്യം സർക്കാർ ഇടപെടലാണ്. ഇക്കാര്യത്തിൽ സർക്കാരിന്റെ അടിയന്തിര ഇടപെടൽ വേണമെന്ന് യോഗം ആവശ്യപ്പെട്ടു. നേതാക്കളായ ഗോകുലം ഗോപാലൻ, ജനറൽ സെക്രട്ടറി ഡോ:ബിജു രമേശ്, വർക്കിംഗ് ചെയർമാൻ കെ.കെ.പുഷ്പാംഗദൻ, പ്രൊഫ: ജി.മോഹൻ ദാസ്, വി.പി.അനിൽ കുമാർ, പ്രഭ അനിൽ,ആര്യ ബൈജു എന്നിവർ യോഗത്തിൽ സംസാരിച്ചു.