കട്ടപ്പന :നഗരസഭാ പ്രദേശത്ത് ചട്ടം ലംഘിച്ചു നടത്തുന്ന മാംസവ്യാപാരത്തിനെതിരേ നഗരസഭ ആരോഗ്യവിഭാഗം കർശന നടപടികൾ ആരംഭിച്ചു. പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള മാംസം ലഭ്യമാക്കുന്നതിന് ഫ്രീസറുകളിൽ സൂക്ഷിച്ച് വില്പന നടത്തുന്നതിന് മാത്രമാണ് അനുവാദം നൽകിയിരുന്നത്. എന്നാൽ ചില കോൾഡ് സ്റ്റോറേജ് ലൈസൻസികൾ മാംസം തൂക്കിയിട്ട് പ്രദർശിപ്പിച്ചും, തട്ടുകളിൽ നിരത്തിയിട്ടും വില്പന നടത്തുന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് മിന്നൽ പരിശോധന നടത്തി. പുളിയൻമലയിലുള്ള കോൾഡ് സ്റ്റോറേജിൽ നിന്ന് നിയമം ലംഘിച്ച് വില്പന നടത്തി വന്നിരുന്ന 30.കിലോ മാംസം പിടിച്ചെടുത്തു.

നഗരസഭയിലെ അംഗീകൃത മീറ്റ് സ്റ്റാളിൽ നിന്ന് മാത്രം മാംസം ശേഖരിച്ച് കോൾഡ് സ്റ്റോറേജുകളിൽ വില്പന നടത്താവു എന്നുള്ള നിർദ്ദേശങ്ങളും ലംഘിക്കപ്പെടുന്നതിനെ തുടർന്നാണ് പരിശോധന കർശനമാക്കിയത്.

പരിശോധനയും, നടപടികളും വരും ദിവസങ്ങളിലും കർശനമാക്കുമെന്നും നഗരസഭ ആരോഗ്യവിഭാഗം അറിയിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പി.ജോൺ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജുവാൻ ഡി മേരി, വിനേഷ് ജേക്കബ്ബ് എന്നിവരാണ് പരിശോധന നടത്തിയത്.