തൊടുപുഴ: ജില്ലയിൽ കാലവർഷം ശക്തമായി തുടരുന്നതിനൊപ്പം ആശങ്കയും വർദ്ധിക്കുന്നു. ജില്ലയിൽ പലയിടത്തും ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി ജില്ലയിൽ വ്യാപകമായി മഴ ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഇടുക്കി താലൂക്കിലാണ്- 37.2 മി.മി. തൊടുപുഴ- 35.2, ദേവികുളം- 35.4,​ പീരുമേട്- 32, ഉടുമ്പൻചോല- 2.4 എന്നിങ്ങനെയൊണ് കണക്കുകൾ. കാര്യമായ മഴക്കെടുതികൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും തുടർച്ചയായി മഴ പെയ്യുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. മഴയെ തുടർന്ന് നദികളിലെ നീരൊഴുക്ക് ശക്തമായി തുടങ്ങി. പല അണക്കെട്ടുകളിലെയും ജല നിരപ്പും ഉയർന്നിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജല നിരപ്പ് 2343.88 അടിയാണ്. 2342.78 അടിയായിരുന്നു തിങ്കളാഴ്ച. 2333.30 അടിയായിരുന്നു സംഭരണിയിൽ കഴിഞ്ഞ വർഷം ഇതേസമയം ഉണ്ടായിരുന്ന ജല നിരപ്പ്. 17 വരെ ജില്ലയിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാദ്ധ്യതയുണ്ട്. കാലവർഷം രണ്ട് ആഴ്ച പിന്നിടുമ്പോൾ ഇതുവരെ ജില്ലയിൽ ആറ് ശതമാനം മഴയുടെ കുറവാണുള്ളത്. 30.27 സെ.മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് 28.41 ആണ് ലഭിച്ചത്. മഴ ശക്തമായതോടെ മലങ്കര അണക്കെട്ടിന്റെ ആറ് ഷട്ടറുകളും ഉയർത്തി ജലം ഒഴുക്കുന്നുണ്ട്. സ്പിൽവേയിലൂടെ മാത്രം 63.75 മീറ്റർ ക്യൂബ് അളവിലാണ് ജലം പുറന്തള്ളുന്നത്. ജാഗ്രതയുടെ ഭാഗമായി ജനുവരി മുതൽ ഷട്ടറുകൾ 20 മുതൽ 30 സെന്റീമീറ്റർ വരെ ഉയർത്തി നിശ്ചിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കിയിരുന്നു. 42 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. അണക്കെട്ട് തുറന്ന് വിട്ടിരിക്കുന്ന സാഹചര്യത്തിൽ തൊടുപുഴയാറിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്‌.